തൃശൂർ: കേരള കാർഷിക സർവകലാശാലയും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലും ഇന്നും നാളെയും കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര സെൻട്രൽ ഓഡിറ്റോറിയത്തിൽ വനിത കാർഷിക സംരംഭകരുടെ മേഖല സമ്മേളനം സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ 11ന് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജെ ഉദ്ഘാടനം ചെയ്യും.
കോട്ടയം, പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രങ്ങൾ നിർമിക്കുന്ന ഫാർമേഴ്സ് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ ശിലാഫലകം അനാച്ഛാദനവും കേന്ദ്ര മന്ത്രി നിർവഹിക്കും. സർവകലാശാലാ വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ. ബി. അശോക് അദ്ധ്യക്ഷനാകും. മന്ത്രി പി. പ്രസാദ് വിശിഷ്ടാതിഥിയാകും. കേരളത്തിലെ വനിതാ കാർഷിക സംരംഭകരെക്കുറിച്ചുള്ള വീഡിയോ പ്രകാശനം മന്ത്രി കെ. രാജൻ നിർവഹിക്കും. ഐ.സി.എ.ആർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ്യ ഡോ. ഉദ്ദം സിംഗ് ഗൗതം മുഖ്യപ്രഭാഷണവും വനിതാ സംരംഭക ഡയറക്ടറി പ്രകാശനവും നിർവഹിക്കും.
അഗ്രികൾച്ചറൽ ടെക്നോളജി അപ്ലിക്കേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ ഡയറക്ടർ ഡോ. വി. വെങ്കിടസുബ്രഹ്മണ്യൻ, മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര മോഹൻ, പ്രൊഫ. വി. പളനിമുത്തു, സർവകലാശാല രജിസ്ട്രാർ ഡോ. എ. സക്കീർ ഹുസൈൻ, റിസർച്ച് ഡയറക്ടർ ഡോ. മധു സുബ്രഹ്മണ്യൻ എന്നിവർ സംസാരിക്കും. വനിത സംരംഭക ഗീത സലീഷിനെ കേന്ദ്ര മന്ത്രി ആദരിക്കും.
കേരളം, കർണാടകം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ കൃഷി വിജ്ഞാന കേന്ദ്രം പ്രതിനിധികളും സംരംഭകരും ഉൾപ്പെടൈ 250ഓളം വനിതകൾ പങ്കെടുക്കും.
- സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടർ ഡോ. ജേക്കബ് ജോൺ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. മേരി റെജീന
ബ്രാൻഡിംഗ്, ഭക്ഷ്യോത്പന്ന വൈവിദ്ധ്യവത്കരണം, വിപണനം എന്നിവയിൽ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും വിജയ കഥകൾ പങ്കുവയ്ക്കുകയും ലക്ഷ്യം.