
ഒല്ലൂർ: ഒല്ലൂർ നിയോജകമണ്ഡലത്തിലെ സ്‌കൂളുകൾക്കായി നാലു കോടി രൂപ പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ചെന്ന് മന്ത്രി കെ.രാജൻ. പനംകുറ്റിച്ചിറ ഗവ.സ്‌കൂളിൽ ഒരു കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ പുതിയ കെട്ടിടം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാർഥികൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാൻ സർക്കാർ സന്നദ്ധമാണ്. കുട്ടികളുടെ എണ്ണത്തിൽ ഇനിയും മുന്നേറ്റം സൃഷ്ടിക്കണം. കൂടുതൽ കുട്ടികളെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാൻ പൊതുജന ഇടപെടൽ ആവശ്യമാണ്. നവകേരള സൃഷ്ടിയിൽ സർക്കാർ ഇറക്കുന്ന മൂലധന നിക്ഷേപമായാണ് ഓരോ വിദ്യാർഥിയുടെയും വിദ്യാഭ്യാസത്തെ സർക്കാർ നോക്കികാണുന്നതെന്നും മന്ത്രി പറഞ്ഞു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷവും കോർപ്പറേഷൻ വികസന ഫണ്ടിൽനിന്ന് 50 ലക്ഷവും ചേർന്നാണ് പുതിയ കെട്ടിടം നിർമിച്ചത്. മൂന്നു നിലകളിലായി ഒമ്പത് ക്ലാസ് മുറികളാണ് സജ്ജമാക്കിയത്. പനംകുറ്റിച്ചിറ സ്‌കൂളിന് വീണ്ടുമൊരു കെട്ടിടം നിർമിക്കാൻ ഒരു കോടി രൂപ കൂടി അനുവദിച്ച് ഉത്തരവിറങ്ങിയതായും മന്ത്രി അറിയിച്ചു. അഞ്ച് ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളുമാണ് വിഭാവനം ചെയ്യുന്നത്. മെയർ എം.കെ.വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി മേയർ എം.എൽ.റോസി വിശിഷ്ടാതിഥിയായി. എൻ.എ. ഗോപകുമാർ, വർഗീസ് കണ്ടംകുളത്തി, കരോളിൻ പെരിഞ്ചേരി, ശ്യാമള വേണുഗോപാൽ, എ.വി. സുനിത, എൻ.എസ്. സുകേഷ് തുടങ്ങിയവർ പങ്കെടുത്തു.