അന്നമനട: അന്നമനട ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ വൺവേ സംവിധാനം ഒരുങ്ങുന്നു. വികസിച്ചു കൊണ്ടിരിക്കുന്ന അന്നമനട ടൗണിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി മാള അന്നമനട പി.ഡബ്ല്യു.ഡി റോഡിൽ നിന്ന് പൊഴേലി പറമ്പൻ റോഡിലേക്കും എസ്.ബി.ഐയുടെ മുന്നിലേക്ക് എത്തുന്നതിന് സ്വകാര്യ വൃക്തികളായ വിൽസൻ വടക്കേടത്ത്, ഗിരിജൻ, വലവൂർ വൽസല, ഗ്രിഗോറിയസ്, രമേശൻ എന്നിവരുടെ സ്ഥലം ഇതിലേക്ക് വിട്ടു നൽകിയുമാണ് വൺവേ നിർമ്മിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ പഞ്ചായത്തിന്റെ നാല് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം ആരംഭിച്ചത്. നടപ്പ് വർഷം അഞ്ച് ലക്ഷത്തിലധികം വകയിരുത്താനും അടുത്ത സാമ്പത്തിക വർഷം 10 ലക്ഷം രൂപ വകയിരുത്താനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. വൺവേ സംവിധാനത്തെ അന്നമനട മാർക്കറ്റ് റോഡിലേക്ക് കണക്ട് ചെയ്ത് പുതിയ വൺവേ സംവിധാനമൊരുക്കാനും പഞ്ചായത്ത് ആലോചിക്കുന്നുണ്ട്. വൺവേ റോഡിന്റെ നിർമ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ പി.വി. വിനോദ് നിർവഹിച്ചു. വികസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. സതീശൻ അദ്ധ്യക്ഷനായി. യോഗത്തിൽ കെ.കെ. രവി നമ്പൂതിരി, ഡേവിസ് കുര്യൻ, മാർട്ടിൻ പൊഴേലി പറമ്പിൽ എന്നിവർ സംസാരിച്ചു.