ഇരിങ്ങാലക്കുട : അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ നാലു വാർഡുകളിലും ചന്തക്കുന്ന്- മൂന്നുപീടിക റോഡിലുമായി 500 സൗജന്യ ശുദ്ധജല കണക്്ഷനുകൾ ആദ്യഘട്ടത്തിൽ നൽകാൻ നഗരസഭാ യോഗത്തിൽ തീരുമാനം. അമൃത് പദ്ധതിയിൽ ജല അതോറിറ്റി പുതുതായി പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രദേശങ്ങളിലാണ് സൗജന്യമായി ശുദ്ധജല കണക്്ഷനുകൾ നൽകുന്നത്. നഗരസഭയിലെ ഒന്ന്, രണ്ട്, 23, 32, ചന്തക്കുന്ന്-മൂന്നുപീടിക റോഡ് എന്നിവിടങ്ങളിലായി നൂറു കണക്്ഷനുകൾ വീതം 500 കണക്്ഷനുകളാണ് നൽകുക. പദ്ധതി പൂർത്തീകരിക്കുന്നതോടെ നഗരസഭാ പരിധിയിൽ 1500 സൗജന്യ ശുദ്ധജല കണക്്ഷനുകൾ നൽകാനാകും. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ 33-ാം വാർഡിലെ ഹനുമാൻ കുളം, 30-ാം വാർഡിലെ മനക്കുളം എന്നിവ നവീകരിക്കാനും കൗൺസിൽ യോഗം തീരുമാനിച്ചു.

നഗരസഭയിലെ ഹരിതകർമ്മസേനാംഗങ്ങളോട് നഗരസഭാ സെക്രട്ടറി നടത്തിയ പരാമർശത്തിൽ അംഗങ്ങളിൽ നിന്നും കടുത്ത വിമർശനമുയർന്നു. ജോലിയിൽ തുടരാൻ ആഗ്രഹിക്കാത്തവർക്ക് വിട്ടുപോകാമെന്ന നഗരസഭാ സെക്രട്ടറിയുടെ പരാമർശത്തെ നഗരസഭാ ചെയർപേഴ്സൺ ഉൾപ്പടെ വിമർശിച്ചു.

ഹരിതകർമ്മ സേനാംഗങ്ങളുടെ അടിയന്തര യോഗം വിളിച്ചുചേർത്ത് അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. കെ.ആർ. വിജയ ആവശ്യപ്പെട്ടു. ഹരിത കർമ്മ സേനാംഗങ്ങൾക്ക് ആവശ്യമായ സൗകര്യം ഒരുക്കാൻ നഗരസഭ തയ്യാറാകണമെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ ആവശ്യപ്പെട്ടു. അതേസമയം ഹരിതകർമ്മ സേനാംഗങ്ങൾക്ക് യൂസർഫീ നൽകുന്നതുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനമാണ് വാർഡുസഭകളിൽ ഉയരുന്നതെന്ന് നഗരസഭ ചെയർപേഴ്‌സൺ സുജ സജ്ഞീവ്കുമാറും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയ്‌സൺ പാറേക്കാടനും പറഞ്ഞു. യൂസർഫീ കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും സുജ സജ്ഞീവ്കുമാർ പറഞ്ഞു. ഹരിതകർമ്മ സേനാംഗങ്ങളോട് സെക്രട്ടറി നടത്തിയ പരാമർശത്തോട് യോജിക്കുന്നില്ലെന്നും അവർ പറഞ്ഞു. മാസം അറുപതു രൂപ യൂസർഫീ നൽകാൻ കഴിയില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അംബിക പള്ളിപ്പുറത്ത് പറഞ്ഞു.

നഗരസഭയിലെ പദ്ധതി പ്രവർത്തനങ്ങൾ 43 ശതമാനം പിന്നിട്ടു. ഈ സാമ്പത്തിക വർഷത്തിൽ കരാറുകാർക്കുള്ള 143 ബില്ലുകൾ കൈമാറി.

- സുജ സജ്ഞീവ്കുമാർ

(നഗരസഭാ ചെയർപേഴ്‌സൺ)