ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ നവീകരിച്ച പാഞ്ചജന്യം റസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം ഞായറാഴ്ച ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും. തെക്കെനടയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അദ്ധ്യക്ഷനാകും. എൻ.കെ. അക്ബർ എം.എൽ.എ, നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് എന്നിവർ മുഖ്യാതിഥിയാകും. ദേവസ്വം കമ്മിഷണർ ബിജു പ്രഭാകർ വിശിഷ്ടാതിഥിയാകും. ഇതര ക്ഷേത്രങ്ങൾക്കുള്ള ധനസഹായ വിതരണവും മന്ത്രി നിർവഹിക്കും. തൃശൂർ, എറണാകുളം, വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തെരഞ്ഞെടുത്ത 541 ക്ഷേത്രങ്ങൾക്ക് 3.44 കോടി രൂപയാണ് ധനസഹായമായി നൽകുന്നത്.