ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ വീണ്ടും കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. ഇരിങ്ങാലക്കുട സ്വദേശിനി ശ്യാമളയ്ക്ക് (63) ആണ് ശസ്ത്രക്രിയ ചെയ്തത്. ഓർത്തോപീഡിക്‌സ് കൺസൾട്ടന്റ് ഡോ. കെ.പി. ജയകുമാറിന്റെ നേതൃത്വത്തിൽ ജൂനിയർ കൺസൾട്ടന്റ് ഡോ. അരുൺ രവി, അനസ്‌തേഷ്യ വിഭാഗം ഡോ. അഞ്ജലി, ഡോ. രേഖ, നഴ്‌സിംഗ് ഓഫീസർ സീമ എന്നിവർ പങ്കെടുത്തു. സ്വകാര്യ ആശുപത്രികളിൽ രണ്ട് ലക്ഷത്തിന് മുകളിൽ ചെലവ് വരുന്ന സർജറി ഇൻഷ്വറൻസ് ഉള്ളതിനാൽ സൗജന്യമായാണ് നടത്തിയത്. നേരത്തെ ശസ്ത്രക്രിയ നടന്നിരുന്നെങ്കിലും പിന്നീട് നിലച്ചു. ചെലവേറിയ ശസ്ത്രക്രിയ താലൂക്ക് ആശുപത്രിയിൽ നടത്തുന്നത് പാവപ്പെട്ട രോഗികൾക്ക് സഹായകരമാകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ പറഞ്ഞു.