quari

തൃശൂർ: വനം - വന്യജീവി സങ്കേതങ്ങളുടെ അതിർത്തിയിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ പ്രവർത്തിക്കരുതെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും സുപ്രീം കോടതിയുടെയും ഉത്തരവ് ക്വാറികൾ ലംഘിക്കുമ്പോഴും നടപടികളില്ല. വനം വകുപ്പിന്റെ ഐ.ടി വിഭാഗം ജി.പി.എസ് വഴി നടത്തിയ അന്വേഷണത്തിൽ നിയമവിരുദ്ധ ക്വാറികൾ കണ്ടെത്തിയിരുന്നു. വനം വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് തൃശൂർ, പാലക്കാട് ജില്ലകളിലായി രണ്ട് അനധികൃത ക്വാറികളും രണ്ട് ക്രഷർ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് വിജിലൻസ് മേധാവിക്ക് നൽകിയ പരാതിയിൽ, തൃശൂർ, പാലക്കാട് ജില്ലാ കളക്ടർമാരോട് സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടതായി നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി.സതീഷ് ചൂണ്ടിക്കാട്ടുന്നു.
സർക്കാർ തലത്തിൽ നടപടി സ്വീകരിക്കേണ്ടതുണ്ടെങ്കിൽ റിപ്പോർട്ട് ലഭ്യമാക്കാനും കളക്ടർമാരോട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ചൂലന്നൂർ മയിൽ സങ്കേതങ്ങളുടെ നിരോധിത പരിധിയിലാണ് ക്വാറികളും, ക്രഷറും. കളക്ടർ, മൈനിംഗ് ആൻഡ് ജിയോളജി, പഞ്ചായത്ത് സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയ്ക്ക് ഖനനവും ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനവും നിറുത്തിവയ്ക്കാൻ വനംവകുപ്പ് റിപ്പോർട്ട് നൽകിയെങ്കിലും പരസ്പരം കത്തെഴുതി ക്വാറി, ക്രഷർ ഉടമകൾക്ക് സൗകര്യം ഒരുക്കുകയായിരുന്നുവെന്നാണ് പരാതി.

വ്യാപ്തി കൂട്ടുന്നതും പതിവ്

കാര്യമായ പരിശോധനയില്ലാത്തതിനാൽ ക്വാറികൾ പലതും തോന്നുംപടി വ്യാപ്തി കൂട്ടുന്നുമുണ്ട്. അനധികൃത ക്വാറികൾ ഉരുൾപൊട്ടൽ വിളിച്ചു വരുത്തുമെന്ന് ഭൗമ, വനഗവേഷണ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് നിശ്ചയിച്ചു നൽകുന്ന സ്ഥല പരിധിയുടെ ഇരട്ടി കൈയേറി പാറ പൊട്ടിക്കുന്നുണ്ട്. ക്വാറികൾ എത്രമാത്രം ആഴത്തിലും പരപ്പിലും പരിസ്ഥിതി സന്തുലനത്തെ തകർക്കുന്നെന്ന് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ) നാലുവർഷം മുൻപ് പഠനം നടത്തിയിരുന്നു. 5,924 കരിങ്കൽ ക്വാറികൾ കേരളത്തിലുളളതിൽ 750ന് മാത്രമാണ് പ്രവർത്തനാനുമതി.

പരാതികളേറെ

ഒരു വർഷം ഖനനം ചെയ്യേണ്ട പാറയുടെ അളവിനേക്കാൾ ഇരട്ടിയിലധികം കരിങ്കല്ല് കടത്തുന്നു
പരിസ്ഥിതി സംരക്ഷണമാനദണ്ഡങ്ങളുടെ ലംഘനത്തിന് പുറമെ ഉദ്യോഗസ്ഥതല അഴിമതിയും
സംരക്ഷിതയിടങ്ങളിൽ ക്വാറിക്രഷർ യൂണിറ്റുകൾക്കും പെർമിറ്റും എൻ.ഒ.സിയും നൽകുന്നു
വനം വകുപ്പ് നൽകുന്ന റിപ്പോർട്ടുകളിൽ മറ്റ് വകുപ്പുകൾ നടപടിയെടുക്കാതെ വൈകിക്കുന്നു

ക്വാറി, ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനം തടയാൻ രണ്ട് വർഷമായിട്ടും നടപടിയില്ല . വൈൽഡ് ലൈഫ് ഡെപ്യൂട്ടി ഡയറക്ടർ മൈനിംഗ് ആൻഡ് ജിയോളജിക്ക് ഡയറക്ടർ ആറ് മാസം മുമ്പ് നൽകിയ റിപ്പോർട്ടിൽ നടപടി സ്വീകരിക്കാത്തത് ക്വാറി,ക്രഷർ ഉടമകളുടെ സ്വാധീനവും ഉദ്യോഗസ്ഥ തലത്തിലുള്ള പിടിപാടുമാണ് കാണിക്കുന്നതെന്ന് വിവരാവകാശനിയമ പ്രകാരം ലഭിച്ച രേഖകളിൽ നിന്ന് വ്യക്തമാണ്.

പി.ബി സതീഷ്
നേർക്കാഴ്ച അസോസിയേഷൻ.