
തൃശൂർ: രാഷ്ട്രത്തെ മുന്നോട്ടു കൊണ്ടുപോകാൻ സ്ത്രീകളും പ്രവർത്തിക്കണമെന്ന് കേന്ദ്രകൃഷി സഹമന്ത്രി ശോഭ കരന്തലജെ പറഞ്ഞു. കാർഷിക സർവകലാശാലയും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച വനിതാ കാർഷിക സംരംഭക മേഖലാസമ്മേളനം വെള്ളാനിക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കാർഷിക സർവകലാശാലകളിലെ വിദ്യാർത്ഥികളിൽ പകുതിയിലേറെ പെൺകുട്ടികളാണ്. ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ത്രീ കേന്ദ്രീകൃത സമൂഹം കേരളത്തിലുള്ളത് വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ സഹായകമാണ്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നത് ലക്ഷ്യമിട്ട് ലക്ഷം കോടി രൂപ കാർഷിക അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും പറഞ്ഞു.
സംസ്ഥാന സർക്കാർ ആരംഭിച്ച ഡി.പി.ആർ ക്ലിനിക്കുകൾ സംരംഭകത്വ വികസനത്തിൽ വൻ മുന്നേറ്റത്തിന് കാരണമായെന്ന് കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. കാർഷികരംഗത്ത് വനിതാ സംരംഭകത്വം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. കാർഷിക സർവകലാശാല വി.സി ഡോ.ബി.അശോക് അദ്ധ്യക്ഷനായി.