
തൃശൂർ: ന്യൂനപക്ഷങ്ങളെ ചേർത്തുപിടിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കെ.രാജൻ. തൃശൂർ സെന്റ് മേരീസ് കോളേജ് ജൂബിലി ഹാളിൽ ന്യൂനപക്ഷ കമ്മിഷൻ ജില്ലാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മതന്യൂനപക്ഷ വിഭാഗങ്ങളെ പരസ്യമായി ആക്രമിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. എന്നാൽ ആ അവസ്ഥ കേരളത്തിലില്ല. അതിനെ ചെറുത്തു നിൽക്കുന്ന സംസ്‌കാരമാണ് കേരളത്തിന്റേത്. പൗരത്വ ബില്ലിനെ ഏകകണ്ഠമായി എതിർത്ത ഒരേയൊരു സംസ്ഥാനം കേരളമാണെന്നും പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിന് കാര്യക്ഷമമായി ഇടപെടാനും അവരുടെ നീതി നിഷേധങ്ങൾക്കെതിരെ പ്രവർത്തിക്കാനും ന്യൂനപക്ഷ കമ്മിഷനിലൂടെ കഴിഞ്ഞുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ എ.എ.റഷീദ് അദ്ധ്യക്ഷനായി. ഡെപ്യൂട്ടി കളക്ടർ എം.സി.റെജിൽ, കമ്മിഷനംഗം എ.സൈഫുദ്ദീൻ, സംഘാടകസമിതി ചെയർമാൻ എ.എം.ഹാരിസ്, കൺവീനർ ഫാ.നൗജിൻ വിതയത്തിൽ തുടങ്ങിയവർ പങ്കെടുത്തു. നോളജ് മിഷൻ റീജിയണൽ പ്രോജക്ട് മാനേജർ എം.എ.സുമി, ന്യൂനപക്ഷ കമ്മിഷൻ അംഗങ്ങളായ പി.റോസ, സൈഫുദ്ദീൻ ഹാജി എന്നിവർ സെമിനാർ നയിച്ചു.