
തൃശൂർ: തൃശൂർ മൃഗശാലയിൽ നിന്ന് ഏപ്രിൽ-മേയ് മാസത്തോടെ മൃഗങ്ങളെ പൂർണമായും പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റും. തിരുവനന്തപുരത്ത് നിന്ന് കാട്ടുപോത്തിനെ മാർച്ചോടെ എത്തിക്കുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ഓരോ മൃഗങ്ങളെയും കൊണ്ടുവരുന്നതിന് ടൈം ടേബിൾ തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്തിന് പുറത്തുനിന്ന് കൊണ്ടുവരുന്നവയിൽ ആദ്യം അനാക്കോണ്ടയെയാണ് എത്തിക്കുക. ഇതിനെ ജൂണിലെത്തിക്കാനാണ് ശ്രമം. നാല് ഘട്ടങ്ങളിലായി മറ്റ് മൃഗങ്ങളെയെത്തിക്കും. ഓസ്‌ട്രേലിയയിൽ നിന്നും കങ്കാരുവിനെ എത്തിക്കാനായി ചർച്ച നടത്തിയിട്ടുണ്ട്. ഗുജറാത്ത്, ഹിമാചൽ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും മൃഗങ്ങളെയെത്തിക്കുന്നതിന് പാർക്ക് ഡയറക്ടർ ആർ.കീർത്തിയുടെ നേതൃത്വത്തിൽ ചർച്ച പുരോഗമിക്കുന്നുണ്ട്.
ഇന്ത്യയ്ക്കകത്ത് നിന്നും പരമാവധി മൃഗങ്ങളെ കൊണ്ടുവരാൻ നടപടിക്രമങ്ങൾ ഊർജിതമായി നടക്കുന്നു. 2024 അവസാനത്തോടെ പൂത്തൂർ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി പൂർണമായി തുറന്നുകൊടുക്കും. ചന്ദനക്കുന്ന് 75 ഏക്കർ ഉപയോഗപ്പെടുത്തി സവാരി പാർക്ക് സജ്ജീകരിക്കാൻ വിശദമായ പ്രൊജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കുന്ന നടപടിയിലേക്ക് കടന്നതായും മന്ത്രി അറിയിച്ചു.
കടുവയ്ക്ക് വീണ്ടും ശസ്ത്രക്രിയ
വയനാട്ടിൽ നിന്നെത്തിച്ച ആൺകടുവ രുദ്രന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതായി മന്ത്രി കെ.രാജൻ അറിയിച്ചു. പൂത്തൂർ ചന്ദനക്കുന്ന് ഐസോലേഷൻ സെന്ററിൽ ചികിത്സയിൽ കഴിയുന്ന കടുവയെ അദ്ദേഹം സന്ദർശിച്ചു. മുഖത്തേറ്റ മുറിവിനിട്ട തുന്നൽ കടുവ പൊട്ടിക്കുകയാണ്. ഒരു മാസത്തിനുള്ളിൽ മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തിയാലേ പൂർണമായി ഭേദമാകൂ. ആക്രമണ സ്വഭാവം മുഴുവനായി മാറിയിട്ടില്ല. ഡോക്ടർമാർ കൃത്യമായി പരിശോധിക്കുന്നുണ്ട്. മൂക്കിന് കുറുകെയുള്ള ആഴമേറിയ മുറിവും കാലുകളിൽ ചതവും ഒടിവുമുണ്ട്. ഡിസംബർ 21ന് വെറ്ററിനറി സർവകലാശാലയിലെയും പാർക്കിലെ മൃഗ ആശുപത്രിയിലെയും ഡോക്ടർമാർ മൂന്ന് മണിക്കൂർ സമയമെടുത്ത് ശസ്ത്രക്രിയ നടത്തിയിരുന്നു. മുഖത്തെ മുറിവുകൾ പകുതി ഉണങ്ങി. 13-14 വയസുള്ള കടുവയ്ക്ക് നിലവിൽ പ്രതിദിനം ഏഴ് കിലോ ബീഫ് നൽകുന്നുണ്ട്. ഡിസംബർ 18ന് സൗത്ത് വയനാട് ഡിവിഷനിലെ വാകേരിയിൽ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്നാണ് വനംവകുപ്പ് പിടികൂടിയത്. ചികിത്സയ്ക്കും മറ്റുമായി 19നാണ് കടുവയെ സുവോളജിക്കൽ പാർക്കിലെത്തിച്ചത്.