ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നാലര വർഷം പിന്നിട്ടപ്പോൾ ടി.എൻ. പ്രതാപൻ എം.പിയുടെ പ്രാദേശിക വികസനഫണ്ട് നാല് പഞ്ചായത്തുകൾക്ക് അനുവദിച്ചില്ലെന്ന പരാതിയുമായി സി.പി.ഐ രംഗത്ത്. പടിയൂർ, കാറളം, കാട്ടൂർ, പൂമംഗലം എന്നീ പഞ്ചായത്തുകളെ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ എം.പി ഫണ്ട് അനുവദിച്ചപ്പോൾ പരിഗണിച്ചില്ലെന്നാണ് വിവരാവകാശരേഖകൾ വ്യക്തമാക്കുന്നതെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി ആരോപിച്ചു.
പ്രാദേശിക വികസന ഫണ്ട് ഉൾപ്പെടെ 9.99 കോടി രൂപയാണ് ഇക്കാലയളവിൽ എം.പിക്ക് ലഭിച്ചത്. അതിൽ 7.16 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട, ഗുരുവായൂർ, ചാവക്കാട് നഗരസഭകളും, തൃശൂർ കോർപറേഷനും, 44 ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെടുന്ന തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ മൊത്തം 74 പദ്ധതികൾക്കായാണ് ഫണ്ട് അനുവദിച്ചത്.
ഏഴ് റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടുന്ന പാർലമെന്റ് മണ്ഡലത്തിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനത്തിനായി എം.പിയുടെ വികസന ഫണ്ടിൽ നിന്ന് ഒന്നും തന്നെ ചെലവഴിച്ചിട്ടില്ല. പ്രാദേശിക വികസന ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നതിലും പുതിയ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നടപ്പിലാക്കുന്നതിലും എം.പി സമ്പൂർണ പരാജയമായിരുന്നുവെന്നും സി.പി.ഐ വാർത്താക്കുറിപ്പിലൂടെ ആരോപിച്ചു.