പഴുവിൽ: ശ്രീമൂലസ്ഥാനം വിഷ്ണുമായ ചാത്തൻ സ്വാമി ക്ഷേത്രത്തിലെ തിറവെള്ളാട്ട് മഹോത്സവം 24 മുതൽ 26 നടക്കും. മഹോത്സവത്തിന്റെ ഭാഗമായുള്ള നൃത്തസംഗീതോത്സവത്തിന് ഇന്ന് തുടക്കമാകും. രാവിലെ സംഗീതക്കച്ചേരി, വൈകീട്ട് ഏഴിന് നൃത്താഞ്ജലി എന്നിവയും 22ന് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ തിരുവാതിരക്കളി മത്സരം, വൈകീ ട്ട് അഞ്ച് മുതൽ കളരി പ്രർശനം എന്നിവയും തുടർന്ന് സാംസ്‌കാരിക സമ്മേളനം വി.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്യും. തമിഴ്‌നാട്ടിലെ മുൻമന്ത്രി ജയറാം, സി.സി. മുകുന്ദൻ എംഎൽഎ, വിദ്യാധരൻ മാസ്റ്റർ, ഡിവൈ.എസ്.പി പി.കെ. ഷൈജു എന്നിവർ പങ്കെടുക്കും.
ചന്ദ്രഹാസപ്രഥമ നാദ പുരസ്‌കാരം, കലാപ്രതിഭാ പുരസ്‌കാരം എന്നിവ ചടങ്ങിൽ വിതരണം ചെയ്യും. 23ന് രാവിലെ മുതൽ സംഗീതോത്സവം, വൈകീട്ട് നാലിന് സംഗീതക്കച്ചേരി, രാത്രി ശ്രീരഞ്ജിനി നൃത്തകലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്താഞ്ജലി എന്നിവ നടക്കും. 24ന് സംഗീതോത്സവം തുടരും. അന്ന് വൈകീട്ട് ബംഗളൂരു അർപ്പിത ദിനേശിന്റെ ന്യത്താർപ്പണം, രാത്രി 7ന് ഭക്തി സംഗീത നിശ എന്നിവയുണ്ടാകും.
25ന് രാവിലെ സംഗീതാർച്ചന. 10 മുതൽ പഞ്ചരത്‌ന കീർത്തനാലാപനം, തുടർന്ന് അന്നദാനം, മഹാരൂപക്കളം, എഴുന്നള്ളിപ്പിന് പഞ്ചവാദ്യം, ചെണ്ടമേളം, നാദസ്വരം, കാവടിയാട്ടം, തെയ്യം, തിറ എന്നിവ അകമ്പടിയാകും. 26ന് പ്രസിദ്ധമായ രൂപക്കളം തൊഴൽ, രൂപക്കളത്തിൽ നൃത്തം എന്നിവയുണ്ടാകും. ക്ഷേത്രം മഠാധിപതി സുഹാസ് ചന്ദ്രഹാസ സ്വാമിജി, ആഘോഷക്കമ്മിറ്റി ഭാരവാഹികളായ ഉണ്ണിക്കൃഷ്ണൻ തൈപ്പറമ്പത്ത്, ജയചന്ദ്രൻ മാസ്റ്റർ, ബിനോയ് തൈപ്പറമ്പത്ത്, ദിവാസ് ആലക്കൽ എന്നിവർ വാർത്താസമ്മളനത്തിൽ പങ്കെടുത്തു.