
തൃശൂർ: തൃശൂരിൽ കോലീബി സഖ്യമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്. ടി.എൻ.പ്രതാപൻ ബി.ജെ.പിക്കായി പ്രചാരണം നടത്തുകയാണ്. ബി.ജെ.പിയും കോൺഗ്രസും തമ്മിൽ ഐക്യത്തിലാണ് മുന്നോട്ടുപോകുന്നത്. പ്രതാപനായുള്ള ചുവരെഴുത്ത് സീറ്റ് ഉറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. താൻ മത്സരിക്കാനേയില്ലെന്ന് പറഞ്ഞ വ്യക്തിയാണ് ഇപ്പോൾ മത്സരിക്കാൻ തയ്യാറായി നടക്കുന്നത്. ടി.എൻ പ്രതാപൻ മണ്ഡലത്തിൽ ഒന്നും ചെയ്തിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ബോധപൂർവമായ നീക്കമാണ് ഇ.ഡിയെ ഉപയോഗിച്ച് സി.പി.എമ്മിനെതിരെ നടക്കുന്നത്. സി.പി.എമ്മിന് ഹിഡൻ അക്കൗണ്ട് ഉണ്ടെന്നാണ് പറയുന്നത്. അക്കൗണ്ട് എങ്ങനെയാണ് ഹിഡൻ ആവുന്നത് ?. സി.പി.എമ്മിന്റെ വരവ് ചെലവ് കണക്കുകളെല്ലാം സുതാര്യമാണ്. തിരഞ്ഞെടുപ്പിന് മുമ്പ് കൂടുതൽ നേതാക്കളെ സംശയത്തിലാക്കാനും ഇ.ഡി വിളിപ്പിക്കാനും സാദ്ധ്യതയുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.