ദേശമംഗലം: ഞാറ് നട്ട് 45 ദിവസം കഴിഞ്ഞിട്ടും വളരാതെ ഉണങ്ങി നശിച്ചു പോകുന്നതുമൂലം കർഷകർ പ്രതിസന്ധിയിൽ. ദേശമംഗലം പഞ്ചായത്ത് അഞ്ചാം വാർഡ് പല്ലൂർ നോർത്ത് പാടശേഖരത്തിൽ മുണ്ടകം കൃഷിയുടെ രണ്ടാം വിളയാണ് ഈ പ്രതിഭാസത്തിൽ നശിച്ച് പോകുന്നത്. 130 ഏക്കർ സ്ഥലത്താണ് ഞാറു നട്ടിരിക്കുന്നത്. ഇതിൽ 40 ഓളം ഏക്കർ സ്ഥലത്തെ ഞാറ് ഉണങ്ങി നശിച്ചു. ബാക്കിയുള്ള കർഷകരുടെ പാടശേഖരത്തിലും ഈ പ്രതിഭാസം കണ്ടുതുടങ്ങി. മുസ്ലിയാർ വീട്ടിൽ തറയിൽ ഹസന്റെ 14 ഏക്കർ കൃഷിയും വരമംഗലത്ത് ഉമ്മറിന്റെ 12 ഏക്കറോളം കൃഷിയും സമാന രീതിയിൽ നശിച്ചു. കൂടാതെ പടിഞ്ഞാറയിൽ യൂസഫ് ഹാജി, വലിയാകത്ത് അഷറഫ്, വടക്കേതിൽ നാസർ, പാറോലപ്പടി ഉണ്ണിക്കൃഷ്ണൻ, തറയിൽ സഫിയ എന്നിവരുടെ ഉൾപ്പെടെ മൊത്തം 40 ഏക്കർ കൃഷിയാണ് നശിച്ചത്.
ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ലോണെടുത്തും കടം വാങ്ങിയും സ്വർണം പണയം വെച്ചും ഏറെ പ്രതീക്ഷയോടെ കൃഷിയിറക്കിയ കർഷകർ കൃഷി നശിച്ചതോടെ ആത്മഹത്യയുടെ വക്കിലാണ് കർഷകർ പറയുന്നു. ദേശമംഗലം കൃഷി ഓഫീസിലും മറ്റു ഉന്നത കൃഷി ഓഫീസുകളിലും കർഷകർ വിവരം അറിയിച്ചിരുന്നു. അധികൃതർ എത്തി പരിശോധന നടത്തി തന്ന മരുന്നുകൾ വാങ്ങിച്ച് ഉപയോഗിച്ചെങ്കിലും യാതൊരു മാറ്റവും കാണുന്നില്ലെന്നും ഇനിയെന്ത് ചെയ്യണമെന്ന് അറിയാതെ ആശങ്കയിലാണെന്നും കർഷകർ പറയുന്നു.