
ചാലക്കുടി: രഹസ്യ താമസം കേരളത്തിലും കുഴൽപ്പണ കവർച്ച അയൽ സംസ്ഥാനങ്ങളിലുമാക്കി കോടാലി ശ്രീധരൻ ആസൂത്രണം ചെയ്ത കവർച്ചാ തന്ത്രത്തിനാണ് തൃശൂർ റൂറൽ എസ്.പി നവനീത് ശർമ്മയുടെ നേതൃത്വത്തിലുള്ള സംഘം തടയിട്ടത്. ചാലക്കുടി ഡിവൈ.എസ്.പി ടി.എസ്.സിനോജിന്റെ സംഘത്തിന്റെ നേതൃത്വത്തിൽ മാസങ്ങൾക്ക് മുൻപ് ആവിഷ്‌കരിച്ച പുതിയ ദൗത്യത്തിന്റെ ഫലമാണ് ശ്രീധരന്റെ അറസ്റ്റ്.
ശ്രീധരൻ ഈയിടെ താമസം എറണാകുളം, കോട്ടയം ജില്ലകളിലാക്കിയിരുന്നു. പതിറ്റാണ്ടായി തുടരുന്ന കുഴൽപ്പണ കവർച്ച കേരളത്തിൽ സാദ്ധ്യമല്ലെന്ന തിരിച്ചറിവിലാണ് പുതിയൊരു അടവുനയമെടുത്തത്. കോതമംഗലത്തെ വീട്ടിൽ രഹ്യമായി പലദിവസങ്ങളിലും താമസിച്ചപ്പോഴും തൊട്ടടുത്ത അയൽവാസികൾ പോലും അറിഞ്ഞില്ല. പൊലീസിന്റെ നീക്കങ്ങൾ തിരിച്ചറിയാനും ശ്രീധരൻ സംവിധാനം ഒരുക്കി. കൊരട്ടി മാമ്പ്രയിൽ ബംഗ്ലാവ് നിർമ്മിക്കുന്നതിന്റെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല. ഭാര്യയുടെ പേരിലുള്ള ഭൂമിയിലെ വീട് നിർമ്മാണം അധികം വൈകാതെ പൂർത്തിയാകുമായിരുന്നു. കൊരട്ടിയിൽ അച്ഛന് ഒപ്പം പിടിയിലായ മകൻ അരുണിന് പക്ഷേ, മറ്റു കേസുകളിൽ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെ കുറ്റകൃത്യങ്ങളുടെ വിവരങ്ങളും പൊലീസ് തേടുന്നുണ്ട്. ഇതിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരുത്തൂവെന്നാണ് അന്വേഷണം സംഘം പറയുന്നത്. കുഴൽപ്പണം അടിച്ചുമാറ്റുന്നതിൽ പ്രത്യേക പ്രാവീണ്യം നേടിയ കോടാലി ശ്രീധരന്റെ കീഴിൽ വിപുലമായ ക്വട്ടേഷൻ സംഘമുണ്ട്. കിഴക്കെ കോടാലി സ്വദേശി ശ്രീധരൻ പ്രദേശത്തെ ചുമട്ടുതൊഴിലാളിയായിരുന്നു. അഞ്ചാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഇയാൾ എങ്ങനെ കുഴൽപ്പണം തട്ടലിലെത്തിയെന്ന് ആർക്കും വ്യക്തമല്ല. 1996ൽ വെള്ളിക്കുളങ്ങര വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടിയതിന് വനപാലകരെടുത്തതായിരുന്നു ആദ്യ കേസ്. ഇതോടൊപ്പം അബ്്കാരി കേസിലും പ്രതിയായി. ഇയാളുടെ കൂട്ടാളികളുടെ ശല്യത്തിനെതിരെ അയൽവാസി വീട്ടമ്മ പരാതി നൽകി. ഇതിന്റെ പ്രതികാരമായി വീടുകയറി ആക്രമിച്ചു. തുടർന്ന് കുഴൽപ്പണ മേഖലയിലേക്ക് ചേക്കേറി. കുഴൽപ്പണ സംഘങ്ങളെക്കുറിച്ച് വിവരം നൽകുന്നവർക്ക് വലിയ തുകകൾ നൽകി. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും അക്കാലത്ത് ഇയാളെ സഹായിച്ചെന്നാണ് വിവരം. തമിഴ്‌നാട്ടിലും കർണ്ണാടകയിലും ഇതേരീതി പ്രയോഗിച്ചു. ഇതിൽ കുറ്റക്കാരായ കർണ്ണാടകയിലെ പൊലീസ് ഉദ്യോഗസ്ഥർ സസ്‌പെൻഷനിലായി. മലപ്പുറത്തെ കുഴൽപ്പണ കവർച്ചയുടെ പ്രതികാരമായി ആറ് വർഷം മുമ്പ് ഒരു സംഘം ഇയാളെ തട്ടിക്കൊണ്ടുപോകുക വരെയുണ്ടായി.
നമ്പറില്ലാ മൊബൈൽ ഫോൺ
കഴിഞ്ഞ ദിവസം അറസ്റ്റിലാകുമ്പോൾ പൊലീസ് കണ്ടെടുത്ത നാല് മൊബൈൽ ഫോണിനും നമ്പറില്ലായിരുന്നു. വൈഫൈ റൂട്ടർ ഉപയോഗിച്ച് ഇന്റർനെറ്റിലായിരുന്നു മുഴുവൻ ഇടപാടും. ആഡംബര ജീവിതം നയിച്ച ശ്രീധരൻ കൊരട്ടിയിൽ പിടിയിലാകുമ്പോൾ ഇരുപത് പവൻ തൂക്കം വരുന്ന സ്വർണ്ണമാല ഇട്ടിരുന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന റാഡോ വാച്ചും പിടിച്ചെടുത്തതിൽപെടുന്നു.