boat-

തൃശൂർ: കടൽത്തീരങ്ങളിലെ മത്സ്യങ്ങളെ കൂട്ടത്തോടെ പിടിച്ചെടുത്ത് ആയിരക്കണക്കിന് പരമ്പരാഗത തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളുന്ന, മത്സ്യബന്ധന രീതി കരവലി (തീരക്കടൽ മീൻപിടിത്തം) രാത്രികാലങ്ങളിൽ വ്യാപകം.

കേന്ദ്രസംസ്ഥാന സർക്കാരുകൾ നിരോധിച്ച കരവലിക്കെതിരെ ഫിഷറീസ് വകുപ്പ് വ്യാപക പരിശോധന തുടങ്ങി. തീരക്കടലിൽ നിന്നും കൂട്ടത്തോടെ മത്സ്യങ്ങളെ കോരിയെടുക്കുന്ന കരവലിയ്ക്ക് ഒഡീഷ, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളെയാണ് വൻകിട ബോട്ടുമുതലാളിമാർ നിയോഗിക്കുന്നത്. മറ്റു ജില്ലക്കാരുമുണ്ട്. പരമ്പരാഗത മത്സ്യതൊഴിലാളികൾ നൽകിയ പരാതികളെ തുടർന്ന് പരിശോധനയും നടപടികളും കർശനമാക്കാൻ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പ്രത്യേക നിർദ്ദേശം നൽകി. ജില്ലയുടെ തെക്കേ അതിർത്തിയായ അഴീക്കോട് മുതൽ വടക്കേ അതിർത്തിയായ കാപ്രിക്കാട് വരെയുള്ള കടൽതീരത്തും ആഴക്കടലിലും നിരീക്ഷണം ശക്തമാക്കിയിരുന്നു.

രണ്ട് ബോട്ടിന് രണ്ടരലക്ഷം വീതം പിഴ

അഴീക്കോട്, ചേറ്റുവ തീരങ്ങളോട് ചേർന്ന് കരവലി നടത്തിയവരെ ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് അധികൃതർ പിടികൂടി. എറണാകുളം തോപ്പുംപടി സ്വദേശി ഷഹീർ, കുഞ്ഞിത്തൈ സ്വദേശി ചാർലി മെന്റസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ബ്ലസിംഗ്, അഗാപെ ബോട്ടുകളാണ് അഴീക്കോട്, ചേറ്റുവ തീരങ്ങളോട് ചേർന്ന് പിടിച്ചത്. ബോട്ടുകളിലെ മത്സ്യം അഴീക്കോട് ഫിഷ് ലാൻഡിംഗ് സെന്ററിൽ ലേലം ചെയ്ത് ലഭിച്ച 20,500, 41,000 രൂപ വീതം കണ്ടുകെട്ടി. കരവലി നടത്തിയതിന് 2,50,000 വീതം രൂപ പിഴ ഈടാക്കി. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ എം.എഫ് പോളിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം തീരക്കടലിൽ നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിച്ചെടുത്തത്. കേസെടുത്ത ശേഷം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്തു. സംഘത്തിൽ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എം.എഫ് പോൾ, എ.എഫ്.ഇ.ഒ സംന ഗോപൻ, മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് വിംഗിലെ വി.എം.ഷൈബു, വി.എൻ.പ്രശാന്ത് കുമാർ, ഇ.ആർ.ഷിനിൽകുമാർ, സീ റെസ്‌ക്യൂ ഗാർഡുമാരായ പ്രസാദ്, സ്രാങ്ക് ദേവസി, എൻജിൻ ഡ്രൈവർ ഗഫൂർ എന്നിവരുമുണ്ടായിരുന്നു.

ഗുരുതരം, രണ്ട് ഫലങ്ങൾ

മത്സ്യ സമ്പത്ത് കുറയാനിടയാക്കും
പരമ്പരാഗത മത്സ്യതൊഴിലാളിക്ക് മത്സ്യലഭ്യത കുറയും

കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം 1980 (കെഎംഎഫ് റെഗുലേഷൻ ആക്ട് 1980) പ്രകാരം കേസെടുക്കും. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കും. അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും.

സുഗന്ധ കുമാരി
തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ.