valloor

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബി.ജെ.പിയുമായാണ് തൃശൂരിൽ മത്സരം നടക്കുന്നതെന്ന ടി.എൻ.പ്രതാപൻ എം.പിയുടെ പരാമർശം തിരുത്തി ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ. രാജ്യത്ത് കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരമെങ്കിലും കേരളത്തിൽ മാർക്‌സിസ്റ്റ് പാർട്ടിയുമായാണ് കോൺഗ്രസിന്റെ മത്സരം. സംഘപരിവാർ ശക്തികളിൽ നിന്ന് മോചിപ്പിക്കുക എന്നതാണ് ഈ തിരഞ്ഞെടുപ്പിൽ പ്രധാനം. തൃശൂരിൽ കോലീബി സംഖ്യമുണ്ടെന്ന സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസിന്റെ പരാമർശം അടിസ്ഥാനരഹിതമാണ്. ബി.ജെ.പിയുമായി അവർക്കാണ് അവിഹിത സഖ്യം. നരേന്ദ്ര മോദി കേരളത്തിൽ വന്ന ശേഷം കോൺഗ്രസ് പ്രവർത്തകർ അരയും തലയും മുറുക്കി രംഗത്തുണ്ട്. ഇരുപത് സീറ്റും യു.ഡി.എഫ് നേടും. സ്ഥാനാർത്ഥികളുടെ പേര് ഒഴിവാക്കി പ്രചാരണം നടത്താനാണ് കോൺഗ്രസ് നേതൃത്വം നിർദ്ദേശം നൽകിയിരിക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.