കൊടുങ്ങല്ലൂർ : സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി സുധീർ ഗോപിനാഥിനെതിരെ നടന്ന കൈയേറ്റത്തിലും വധഭീഷണിയിലും ചാത്തേടത്ത് പറമ്പിൽ ചേർന്ന രാഷ്ട്രീയ സാംസ്‌കാരിക, സംഘടനകളുടെ യോഗം പ്രതിഷേധിച്ചു. ശനിയാഴ്ചയാണ് തണ്ടാംകുളം ചെറുവള്ളി ക്ഷേത്രത്തിന് കിഴക്ക് ഭാഗത്ത് വച്ച് സി.പി.ഐ ചാത്തേടത്ത് പറമ്പ് ബ്രാഞ്ച് സെക്രട്ടറിയായ സുധീർ ഗോപിനാഥ് ആക്രമണത്തിന് ഇരയായത്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് എന്ന ഗുരുവചനം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള നോട്ടീസ് വീടുകളിൽ വിതരണം ചെയ്ത് തിരിച്ചു വരുന്ന വഴി രണ്ട് ബി.ജെ.പിക്കാർ ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. കൂടാതെ തീർത്തു കളയുമെന്ന ഭീഷണിയും സംഘം സുധീർ ഗോപിനാഥനെതിരെ ഉയർത്തി. ഇതു സംബന്ധിച്ച് സുധീർ ഗോപിനാഥ് കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി.
സി.പി.ഐ മണ്ഡലം സെക്രട്ടറി സി.സി. വിപിൻ ചന്ദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം കെ.ജി, ശിവാനന്ദൻ, നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത, സി.പി.എം ലോക്കൽ സെക്രട്ടറി ടി.പി. പ്രഭേഷ്, യുവകലാസാഹിതി ജില്ലാ സെക്രട്ടറി സോമൻ താമരകുളം, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ് ടി.എ. ഇക്ബാൽ, അനൂപ് കുമാരൻ, നെജു ഇസ്മയിൽ, എൻ.ബി. അജിതൻ, കെ.എം. ബേബി, വി. മനോജ്, മോഹനൻ കായിപറമ്പിൽ, അഡ്വ. വി.എസ്. ദിനൽ, ശ്രീജേഷ് എന്നിവർ പ്രസംഗിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി പി.ബി. ഖയിസ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ.കെ. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.