
തൃശൂർ : ഇലക്ടറൽ ബോണ്ട് എന്ന ആഭാസത്തിലൂടെ ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നുവെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ.കാളീശ്വരം രാജ് അഭിപ്രായപ്പെട്ടു. പ്രൊഫ.സി.ജെ.ശിവശങ്കരനെ സ്മരിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത്, സി.ജെ.എസ് ട്രസ്റ്റ്, കോലഴി ഗ്രാമീണ വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ 'ഇന്ത്യൻ ഫെഡറലിസത്തിന്റെ ഭാവി' എന്ന വിഷയമവതരിപ്പിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇലക്ടറൽ ബോണ്ട് വഴി കോർപ്പറേറ്റുകൾ രാഷ്ട്രീയക്കാർക്ക് കോടിക്കണക്കിന് രൂപ ഉപാധികളോടെ നൽകുന്നു. അധികാരത്തിൽ വന്നാൽ തിരിച്ച് പ്രത്യുപകാരം ചെയ്യുകയും ചെയ്യുന്നു. തുറമുഖങ്ങളും വിമാനത്താവളങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും കുത്തകകൾക്ക് ലഭിക്കുന്നതിന്റെ രഹസ്യം ഇതാണ്. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ' എന്ന ആശയം അധികാരം ഉപയോഗിച്ച് നിഷ്‌കർഷിക്കുന്നത് ഫെഡറലിസം തകർക്കപ്പെടുന്നതിന്റെ സൂചനയാണ്. ഇതിലൂടെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഗവൺമെന്റുകൾ കാലാവധിക്ക് മുമ്പ് പിരിച്ചുവിടപ്പെടുമെന്നും കാളീശ്വരം രാജ് ചൂണ്ടിക്കാട്ടി. ഡോ.കാവുമ്പായി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.ജെ.എസിനെ സ്മരിച്ച് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് സി.വിമല പുരസ്‌കാര വിതരണം നടത്തി. ഗോപിക സുരേഷ്, അഡ്വ.ടി.വി.രാജു, ഡോ.സി.എൽ.ജോഷി തുടങ്ങിയവർ സംസാരിച്ചു.