news-photo-

ഗുരുവായൂർ: ദേവസ്വം ബോർഡുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ആറര വർഷത്തിനിടെ 528 കോടി രൂപ സർക്കാർ നൽകിയതായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ഗുരുവായൂർ ദേവസ്വം ക്ഷേത്ര ധനസഹായ വിതരണവും നവീകരിച്ച പാഞ്ചജന്യം റെസ്റ്റ് ഹൗസിന്റെ സമർപ്പണവും നിർവഹിക്കുകയായിരുന്നു മന്ത്രി. ഗുരുവായൂർ ദേവസ്വം ഒഴിച്ചുള്ള നാല് ബോർഡുകൾക്കാണ് ഈ സഹായം നൽകിയത്. ദേവസ്വങ്ങളുടെ ഫണ്ട് സർക്കാർ എടുക്കുന്നതായ പ്രചാരണം ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ്. ദേവസ്വം ബോർഡുകൾക്ക് സർക്കാർ സഹായം നൽകുന്നുവെന്നതാണ് സത്യം. പ്രളയകാലത്തും കൊവിഡ് പ്രതിസന്ധി നാളിലും ബോർഡുകളുടെ പ്രവർത്തനത്തിന് സർക്കാരാണ് സഹായം നൽകിയതെന്നും മന്ത്രി പറഞ്ഞു.

ഗുരുവായൂർ ദേവസ്വം വർഷം തോറും നൽകുന്ന അഞ്ച് കോടിയുടെ ധനസഹായം വർദ്ധിപ്പിക്കുന്നതിനെപ്പറ്റി ഭരണസമിതി ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ധ്യക്ഷനായി. എൻ.കെ.അക്ബർ എം.എൽ.എ, നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് എന്നിവർ മുഖ്യാതിഥികളായി. ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ ചെങ്ങറ സുരേന്ദ്രൻ, വി.ജി.രവീന്ദ്രൻ, സി.മനോജ്, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ തുടങ്ങിയവർ സംസാരിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ തെരഞ്ഞെടുത്ത 541 ക്ഷേത്രങ്ങൾക്ക് 3.44 കോടിയുടെ ധനസഹായമാണ് വിതരണം ചെയ്തത്.