ആമ്പല്ലൂർ: അളഗപ്പനഗർ പഞ്ചായത്തിൽ പുറംപോക്ക് ഭൂമിയിലെ കടമുറികളെ സംബന്ധിച്ച് ഭരണ കക്ഷിയിലും അഭിപ്രായ ഭിന്നത. പഞ്ചായത്ത് പ്രസിഡന്റും രണ്ട് അംഗങ്ങളും മുൻഭരണകക്ഷി തീരുമാനത്തിന് എതിരായി കമ്മിറ്റിയിൽ അഭിപ്രായം രേഖപെടുത്തി.
പൊതുമരാമത്ത് റോഡിന് അഭിമുഖമായി സ്വകാര്യ വ്യക്തി സ്വന്തമാക്കി വച്ചിരുന്ന സ്ഥലം വർഷങ്ങൾ നീണ്ട വ്യവഹാരത്തിനൊടുവിലാണ് പഞ്ചായത്തിന് ലഭ്യമായത്. സ്വകാര്യ വ്യക്തി താമസിക്കുകയും കച്ചവടം നടത്തുകയും കുടമുറികൾ വാടകക്ക് കൊടുക്കുകയും ചെയ്ത ഈ കെട്ടിടങ്ങൾ പൊളിച്ച് മാറ്റി ഷോപ്പിംഗ് കോംപ്ലക്‌സ് നിർമിക്കാൻ പഞ്ചായത്ത് ആലോചിച്ചിരുന്നു. തുടർന്ന് കടക്കാർ കോടതിയെ സമീപിച്ച് കെട്ടിടം പൊളി നിർത്തിവപ്പിച്ചു. കേസ് നടക്കുന്നതിനിടെ കോടതി അനുമതിയോടെ ഒരു മീഡിയേഷൻ എഗ്രിമെന്റ് ഉണ്ടാക്കി.
കച്ചവടം നടത്തുന്നവരുടെ ചിലവിൽ പഞ്ചായത്ത് എൻജിനീയറുടെ പ്ലാൻ അനുസരിച്ച് കെട്ടിടം നിർമ്മിക്കുകയും പഞ്ചായത്ത് നിശ്ചയിക്കുന്ന വാടക നൽകണമെന്നുമായിരുന്നു എഗ്രിമെന്റ്. ഇത് നിലവിൽ കച്ചവടം നടത്തുന്നവരും പഞ്ചായത്തും അംഗീകരിക്കുകയും കോടതിയെ അറിയിക്കുകയും ചെയ്തതോടെ കോടതി കേസ് അവസാനിപ്പിച്ചു. എന്നാൽ മൂന്ന് വർഷം കഴിഞ്ഞിട്ടും കെട്ടിടം നിർമിക്കാൻ പഞ്ചായത്ത് അനുമതി നൽകാതായതോടെ കച്ചവടക്കാർ വീണ്ടും കോടതിയെ സമീപിച്ചു. കേസ് പരിഗണിക്കാനിരിക്കെ കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ വിഷയം ചർച്ചക്ക്് എത്തിയപ്പോഴാണ് ഭരണ കക്ഷിയിൽ തന്നെ പ്രസിഡന്റ് ഉൾപ്പെടെയുള്ളവരുടെ വിയോജിപ്പ്.
ഭൂമി അളന്ന് തിട്ടപെടുത്തി ബഹുനില കെട്ടിടം നിർമ്മിച്ച് മുഴുവൻഭൂമിയുംഉപയോഗിച്ച് കൂടുതൽ കടമുറികൾ നിർമ്മിച്ചാൽ് പഞ്ചായത്തിന്റെ വരുമാനം വർദ്ധിപ്പിക്കാം. നിലവിലെ കച്ചവടക്കാരെ സംരക്ഷിക്കുകയും ചെയ്യാം ഇതോടെ കൂടുതൽ പേർക്ക് സംരഭങ്ങൾ ആരംഭിക്കാനുമാകും.
പി.കെ.ശേഖരൻ
എൽ.ഡി.എഫ്. ലീഡർ.