തൃശൂർ: കൃഷിയിടം വരണ്ടതോടെ കൃഷിനാശമുണ്ടാകുമെന്ന ആശങ്കയിലും മണിനാടൻ കോൾപ്പാടത്തേക്ക് മലിനജലം തുറന്നുവിട്ട് കർഷകർ. കൃഷിവകുപ്പും മറ്റുമായി ബന്ധപ്പെട്ട് ജലശുദ്ധീകരണത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. 95 കർഷകരുള്ള മണിനാടൻ കോളിൽ ജനുവരിയിൽ ജലക്ഷാമമുണ്ടാകുമ്പോൾ കനാൽവെള്ളമാണ് ആശ്രയം. മലിനജലം 85 ഏക്കർ കൃഷിക്ക് ഭീഷണിയാകുമെന്നാണ് ആശങ്ക. മലിനീകരണ നിയന്ത്രണ ബോർഡ് വെള്ളം പരിശോധനയ്‌ക്കെടുത്തെങ്കിലും ഫലം വരും മുമ്പേ കൃഷിയിടം വിണ്ടതോടെയാണ് വ്യാഴാഴ്ച വെള്ളമടിച്ചത്. രണ്ടാം വളമിടേണ്ട സമയത്താണ് പ്രതിസന്ധി. ഇനി രണ്ടും മൂന്നും വളം ഒന്നിച്ചു നൽകാനാണ് കർഷകരുടെ നീക്കം. വെള്ളത്തിൽ കൃഷിയെ ബാധിക്കുന്ന ലോഹമാലിന്യങ്ങളില്ലെന്നാണ് പ്രാഥമിക പരിശോധയിൽ മനസിലായതെന്ന് കൃഷിവകുപ്പ് പറയുന്നു. മറ്റ് മാലിന്യങ്ങളുണ്ടെങ്കിലും കൃഷിയെ ബാധിച്ചേയ്ക്കില്ല. അതേസമയം കോളിന് സമീപത്തെ ജലസ്രോതസുകൾ മലിനപ്പെടാനിടയുണ്ട്.
മണിനാടൻ കോൾപ്പാടത്തേയ്ക്കുള്ള ഉപകനാലിലെ വെള്ളത്തിൽ തൃശൂരിലെ ആശുപത്രി, ഹോട്ടൽ, ശക്തൻ മാർക്കറ്റ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ മാലിന്യം മഴയിൽ ഒലിച്ചെത്തിയെന്നാണ് നിഗമനം. കഴിഞ്ഞ പത്തിനാണ് ഇക്കാര്യം ശ്രദ്ധയിൽപെട്ടത്. കോർപറേഷന് അയ്യന്തോൾ കൃഷി ഓഫീസർ പരാതി നൽകിയിരുന്നു. മൂന്ന് വർഷം മുമ്പ് അമ്മാടം, കോടന്നൂർ മേഖലയിലും കനാലിൽ മാലിന്യം നിറഞ്ഞിരുന്നു. കളക്ടറും കോർപ്പറേഷൻ സെക്രട്ടറിയും മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരും ഉൾപ്പെടെ അന്ന് നടത്തിയ പരിശോധനയിൽ നഗരമാലിന്യമാണ് ഒഴുകിയെത്തിയതെന്ന് കണ്ടെത്തിയിരുന്നു.
കുളവാഴയും വില്ലൻ
ലാലൂർ, അരണാട്ടുകര, കാര്യാട്ടുകര, എൽത്തുരുത്ത് പാടശേഖരം ഉൾപ്പെടുന്നതാണ് മണിനാടൻ കോൾപ്പടവ്. രണ്ടര കിലോമീറ്ററോളം കനാൽ വഴിയാണ് വെള്ളമെത്തിക്കുന്നത്. ഒന്നര കിലോമീറ്ററോളം കുളവാഴ നിറഞ്ഞതിനാൽ മോട്ടോർ അടിക്കാനാകാത്ത സ്ഥിതി നേരത്തേയുണ്ടായിരുന്നു. അരണാട്ടുകര ബോട്ട്ചാൽ വഴി ലാലൂർ കാർത്യായനി ക്ഷേത്രത്തിന് മുമ്പിലുള്ള മോട്ടോർ ഷെഡ് വരെ വെള്ളമെത്തിച്ച് പമ്പ് ചെയ്യേണ്ടതുണ്ട്.
വരുന്നത് വരട്ടെയെന്ന് കരുതിയാണ് കരിവെള്ളം തന്നെ ഉപയോഗിച്ചത്. ഓലക്കട കോളിലും പ്രശ്‌നമുണ്ട്.
കെ.ജി.ഉണ്ണിക്കൃഷ്ണൻ
പ്രസിഡന്റ്, മണിനാടൻ കോൾപ്പടവ്
കൃഷിസ്ഥലം നിരീക്ഷിക്കുന്നുണ്ട്. ഒരാഴ്ച കഴിഞ്ഞാലേ എന്തെങ്കിലും പറയാനാകൂ.
ശരത് മോഹൻ
കൃഷി ഓഫീസർ, അയ്യന്തോൾ.