ചേലക്കര : സംസ്ഥാന പാർലമെന്ററി കാര്യവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്റ്റുഡന്റ്‌സ് സഭയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് തോന്നൂർക്കര എം.എസ്.എൻ ഓഡിറ്റോറിയത്തിൽ മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളെയും വിദ്യാർത്ഥി സമൂഹവുമായി കൂടുതൽ അടുപ്പിക്കാനായി ആവിഷ്‌കരിച്ചിട്ടുള്ള നൂതന പദ്ധതിയാണ് സ്റ്റുഡന്റ്‌സ് സഭ.
പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും എങ്ങനെയെന്ന് വിദ്യാർത്ഥി സമൂഹത്തിന് അവബോധം നൽകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചേലക്കര മണ്ഡലത്തിലെ ഹൈസ്‌കൂൾ തലം മുതൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ മണ്ഡലത്തിന്റെ വികസനവുമായുള്ള അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ, വിമർശനങ്ങൾ എന്നിവ എം.എൽ.എയുമായി പങ്കുവയ്ക്കും. 37 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും 400 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കും. പദ്ധതിയുടെ ഭാഗമായി വാർഡുകളിൽ സ്റ്റുഡന്റ്‌സ് സഭ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 12 വിവിധ വികസന വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്തിയ സർവേയുടെ റിപ്പോർട്ടുകൾ എം.എൽ.എയുമായി പങ്കുവയ്ക്കുകയും എം.എൽ.എ മറുപടി പറയുകയും, അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾക്ക് പരിഹാരം ഉണ്ടാക്കുകയും ചെയ്യും.