തൃശൂർ: ചൂരക്കാട്ടുകരയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന ബാലെയിൽ ഇടയ്ക്ക് ചാക്യാരെത്തും. ചാക്യാർകൂത്താണോ എന്ന് കാണികൾ സംശയിക്കുമ്പോൾ തുള്ളലാകും അരങ്ങിലെത്തുക. ബാലെയിലെ പതിവ് ദൃശ്യങ്ങൾക്കൊപ്പം പ്രൊജക്ടർ ഉപയോഗിച്ചുള്ള രംഗങ്ങളും അവയെ കൂട്ടിയിണക്കാൻ വിൽപാട്ടുമുണ്ടാകും. കാലത്തിനൊത്ത പുതുമകളുമായി മുന്നേറുകയാണ് ചൂരക്കാട്ടുകരയിലെ അമ്പതോളം ബാലെ കലാകാരന്മാർ.
പക്ഷിശ്രേഷ്ഠൻ ഗരുഡന്റെ കഥപറയുന്ന ബാലെയിലാണ് പ്രൊജക്ടറും പരമ്പരാഗത വിൽപാട്ടുമുള്ളത്. കേരളത്തിന്റെ ഐതിഹ്യം പറയുന്ന 'പരശുരാമനിൽ' ഓട്ടൻതുള്ളലും ചാക്യാർകൂത്തുമുണ്ട്. പ്രധാനരംഗങ്ങൾ അവതരിപ്പിക്കുന്നത് നാടകരൂപത്തിലാണ്. ബാലെയോട് അതീവ താത്പര്യമുള്ള സംഘാംഗങ്ങളിൽ കുട്ടികളും സ്ത്രീകളുമുണ്ട്. സർക്കാർ, സ്വകാര്യ ജോലിയുള്ളവരും വിരമിച്ചവരുമുണ്ട്. ഇതിനിടെ സമയം കണ്ടെത്തിയാണ് റിഹേഴ്‌സലും അവതരണവും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശ്രീദുർഗ തിയേറ്റേഴ്‌സ് ബാലെ അവതരിപ്പിച്ചിട്ടുണ്ട്.
പ്രസിഡന്റ് രാധാകൃഷ്ണൻ മാസ്റ്റർക്കാണ് കഥ, സംവിധാന ചുമതല. രംഗപടം ഒരുക്കുന്നത് ആർട്ടിസ്റ്റ് മാഷെന്ന് അറിയപ്പെടുന്ന മറ്റൊരു രാധാകൃഷ്ണൻ. സഹായിയായി ടി.എസ്. മുരളീധരനുണ്ട്. ശ്രീനിവാസൻ കളരിക്കലാണ് ചമയം. രംഗസജ്ജീകരണം സുരേന്ദ്രനും ഉണ്ണിക്കൃഷ്ണനും. തൃശൂർ വിജിലൻസ് എസ്.ഐ: ഇ.കെ. ജയകുമാർ തിയേറ്റേഴ്‌സ് സെക്രട്ടറിയാണ്. എസ്.പി. ഓഫീസിലെ എസ്.ഐ: ജയപ്രകാശ്, ഹെൽത്ത് ഇൻസ്‌പെക്ടറും കർഷകനുമായ മനോജ് തുടങ്ങിയവരുമുണ്ട്. എല്ലാവരും ചൂരക്കാട്ടുകരക്കാർ.
തുടക്കം വിൽപാട്ടിൽ
മൺമറഞ്ഞ ക്ഷേത്രകലയായ വില്ലടിച്ചാംപാട്ടിൽ ഉപയോഗിക്കുന്ന വില്ലിൽ കൊട്ടി പാട്ടുപാടി കഥപറയുന്ന വിൽബാലെ അവതരിപ്പിച്ചാണ് തുടക്കം. പിന്നീട് പൂർണതോതിലുള്ള ബാലെയായി. സീതാസ്വയംവരം വിൽപാട്ട് എന്ന പേരിൽ വിൽപാട്ടിന്റെ തനത് രൂപം ഇപ്പോഴും അവതരിപ്പിക്കാറുണ്ട്.
ശ്രദ്ധേയയായി മാനവ
ഹിരണ്യനിൽ പ്രഹ്‌ളാദനായി മുഖ്യവേഷത്തിൽ അരങ്ങിലെത്തുന്ന എട്ടാം ക്ലാസുകാരി മാനവ പ്രേക്ഷകരുടെ പ്രിയ കഥാപാത്രമാണ്. പൂങ്കുന്നം ഹരിശ്രീ സ്‌കൂൾ വിദ്യാർത്ഥിനിയാണ്. തൃശൂർ ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തയ്യാറാക്കിയ ഷോർട്ട് ഫിലിമിൽ കളക്ടർക്കൊപ്പവും മറ്റൊരു ഷോർട്ട് ഫിലിമിൽ തൃശൂർ കോർപറേഷൻ മേയർക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.
48 വർഷമായ തൃശൂരിലെ ഏക ബാലെ ട്രൂപ്പാണ് ശ്രീദുർഗ തിയേറ്റേഴ്‌സ്. അമ്പതോളം പേരുടെ താത്പര്യവും സമർപ്പണവുമാണ് വിജയത്തിന്റെ അടിസ്ഥാനം.
- എം. മനോജ്