1

തൃശൂർ: സാമൂഹിക നീതി വകുപ്പിനു കീഴിൽ കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ) വിരലുകൾ, മൂക്ക്, ചെവി എന്നിവ കൃത്രിമ മാർഗത്തിലൂടെ പുനഃസ്ഥാപിക്കാനുള്ള കോസ്‌മെറ്റിക് ചികിത്സ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു.

നിപ്മറിലെ പ്രൊസ്‌തെറ്റിക് ഓർത്തോട്ടിക് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ ആധുനിക സേവനത്തിനു തുടക്കം കുറിക്കുന്നത്. അപകടം, രോഗം എന്നിവയാൽ ചെറു അവയവങ്ങൾ നഷ്ടപ്പെട്ടവർക്ക് ഈ സേവനം വളരെ പ്രയോജനപ്പെടുമെന്ന് മന്ത്രി വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 75108 70111.

മൈക്രോ സർജറി മൂലം തുന്നിച്ചേർക്കാൻ കഴിയാത്തവിധം നഷ്ടപ്പെട്ട ചെറു അവയവങ്ങൾക്കു പകരം സിലിക്കൺ കൊണ്ടുള്ള കോസ്‌മെറ്റിക് അവയവങ്ങളാണ് നിർമ്മിച്ചു നൽകുക. ഒറ്റനോട്ടത്തിൽ കൃത്രിമമാണെന്നു തോന്നിക്കാത്ത തരത്തിൽ ഓരോ വ്യക്തിയുടെയും തൊലിയുടെ നിറത്തിന് അനുയോജ്യമായാണ് അവയവങ്ങൾ നിർമിക്കുന്നത്. ഓരോരുത്തരുടെയും സൗകര്യം അനുസരിച്ച് ഇളക്കിമാറ്റാനും ഘടിപ്പിക്കാനും കഴിയുന്ന വിധത്തിലാകും ഇവ ശരീരത്തിൽ പിടിപ്പിക്കുക.