വടക്കാഞ്ചേരി: വടക്കാഞ്ചേരി സെന്റ് ഫ്രാൻസീസ് സേവ്യഴ്‌സ് ഫൊറോന ദേവാലയത്തിൽ നടന്ന അമ്പ് തിരുനാളിനോടനുബന്ധിച്ച് പള്ളി പരിസരത്തുണ്ടായിരുന്ന മാലിന്യങ്ങൾ മണിക്കൂറുകൾ കൊണ്ട് നീക്കം ചെയ്ത് വടക്കാഞ്ചേരി നഗരസഭ. നഗരസഭ ഹരിതസേന ജീവനക്കാരും കണ്ടീജന്റ് ജീവനക്കാരും ചേർന്നാണ് മാലിന്യങ്ങൾ ചാക്കുകളിലാക്കി കുമ്പളങ്ങാട് മാലിന്യ കേന്ദ്രത്തിൽ എത്തിച്ചത്. മാലിന്യങ്ങൾ ശാസ്ത്രീയമായ രീതിയിൽ സംസ്‌കരിക്കും. ഇനി മുതൽ മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നത് അവസാനിപ്പിക്കുന്നതിനായി ചെറിയ യൂസർ ഫീ ഏർപ്പെടുത്തി. മാലിന്യം നിക്ഷേപിക്കാൻ വഴിയോര കച്ചവടക്കാർക്ക് ചാക്കുകൾ നൽകും. നഗരസഭ പരിധിയിലെ എല്ലാ ഉത്സവ, പെരുന്നാൾ സ്ഥലങ്ങളിലും ഇത്തരം ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് നഗരസഭാ ചെയർമാൻ പി.എൻ.സുരേന്ദ്രൻ പറഞ്ഞു.