1

തൃശൂർ: നാഷണൽ ഹൈവേ 66ൽ പണി പൂർത്തിയാകുന്ന ഭാഗങ്ങൾ ഉടൻ ജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദേശീയപാതാ വികസനം മുഴുവൻ കഴിയാൻ കാത്തുനിൽക്കാതെ പൂർത്തീകരിച്ച ബൈപാസുകളും പാലങ്ങളും സ്‌ട്രെച്ചുകളും നാടിന് സമർപ്പിക്കും. കോഴിക്കോട്, മലപ്പുറം, തൃശൂർ എന്നീ ജില്ലകളിലെ ദേശീയപാത നിർമ്മാണം വിലയിരുത്തുന്നതിനിടെ തൃശൂരിൽ മാദ്ധ്യമങ്ങോട് സംസാരിക്കുകയായിരുന്നു മന്ത്രി.

നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യയുമായി സഹകരണത്തോടെ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചാണ് പ്രവൃത്തികൾ മുന്നോട്ട് കൊണ്ടുപോകുന്നത്. മഹാരാഷ്ട്രയിൽ നിന്ന് ആരംഭിച്ച് കർണ്ണാടകയിലൂടെ കേരളത്തിലെത്തി അവിടെ നിന്ന് തമിഴ്‌നാട്ടിലേക്കാണ് എൻ.എച്ച് 66 എത്തിചേരുക. കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ ആറ് വരിയായി സജ്ജമാവുന്ന പാത 2025 ഓടെ പൂർത്തിയാവുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ കാപ്പിരിക്കാട്, ചാവക്കാട്, വാടാനപ്പിള്ളി, തളിക്കുളം, എസ്.എൽ പുരം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പാതയിലെ നിർമ്മാണ പ്രവർത്തനങ്ങളാണ് മന്ത്രിയുടെ നേതൃത്വത്തിൽ വിലയിരുത്തിയത്.

എം.എൽ.എമാരായ മുരളി പെരുനെല്ലി , സി.സി. മുകുന്ദൻ, എൻ.കെ. അക്ബർ, വി.ആർ. സുനിൽകുമാർ, പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു, നാഷണൽ ഹൈവേ അതോറിറ്റി കേരള റീജ്യണൽ ഓഫീസർ ബി.എൽ. മീണ, നാഷണൽ ഹൈവേ അതോറിറ്റി പ്രൊജക്ട് ഡയറക്ടർ അൻഷുൽ ശർമ്മ, സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, അസിസ്റ്റന്റ് കളക്ടർ കാർത്തിക് പാണിഗ്രഹി, കൺസ്ട്രക്‌ഷൻ കമ്പനി പ്രതിനിധി ശ്രീനിവാസ്, എൽ.എ.എൻ.എച്ച് ഡെപ്യൂട്ടി കളക്ടർ അഖിൽ പി, എൽ.എ. ഡെപ്യൂട്ടി കളക്ടർ യമുനദേവി തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.