കൊടുങ്ങല്ലൂർ: ദേശീയപാത സന്ദർശിച്ച പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസും ഉദ്യോഗസ്ഥരും കൊടുങ്ങല്ലൂർ ബൈപാസിലെ സി.ഐ ഓഫീസ് സിഗ്‌നലിൽ കാത്തുനിന്ന ജനപ്രതിനിധികളെയും നാട്ടുകാരെയും അവഗണിച്ച് മടങ്ങി. ശ്രീനാരായണപുരം പൂവത്തുംകടവിലെത്തിയ മന്ത്രി പ്രദേശത്തെ ജനപ്രതിനിധികളിൽ നിന്നും നാട്ടുകാരിൽ നിന്നും മറ്റും പരാതികൾ കേട്ട് നിവേദനം സ്വീകരിച്ചിരുന്നു.
എന്നാൽ കൊടുങ്ങല്ലൂർ ബൈപാസിലെ സി.ഐ ഓഫീസ് നിഗ്‌നലിൽ മന്ത്രി എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അവിടെ എത്താതെ ചന്തപ്പുര സന്ദർശിച്ച് മടങ്ങിപ്പോയി. കൊടുങ്ങല്ലൂർ ബൈപാസിലെ സി.ഐ ഓഫീസ് സിഗ്‌നലിൽ മേൽപ്പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് ഇവിടെ വൈകിട്ട് 5.45 ന് സന്ദർശനം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ഇതേത്തുടർന്ന് എലിവേറ്റഡ് ഹൈവേ കർമ്മ സമിതി നടത്തിവരുന്ന സമരപ്പന്തലിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് നാട്ടുകാരും തടിച്ചുകൂടിയിരുന്നു. ജനപ്രതിനിധികളായ ബെന്നി ബെഹ്നാൻ എം.പി, വി.ആർ.സുനിൽകുമാർ എം.എൽ.എ, നഗരസഭ ചെയർപേഴ്‌സൺ ടി.കെ.ഗീത, സി.പി.എം ഏരിയാ സെക്രട്ടറി കെ.ആർ.ജൈത്രൻ, കോൺഗ്രസ് നേതാവ് ടി.എം.നാസർ, ബി.ജെ.പി നേതാവ് കെ.എസ്.വിനോദ് തുടങ്ങിയവരുമെത്തിയിരുന്നു. ഇവരെയെല്ലാം നിരാശപ്പെടുത്തിയാണ് മന്ത്രി മടങ്ങിയത്. 6.15 കഴിഞ്ഞിട്ടും മന്ത്രിയെ കാണാതായപ്പോൾ ഇടതുമുന്നണി നേതാക്കൾ ഫോണിൽ തിരക്കിയെങ്കിലും ഫലമുണ്ടായില്ല.
സ്ഥലത്ത് ജനക്കൂട്ടമുണ്ടെന്ന് അറിഞ്ഞ പൊലീസാണ് സുരക്ഷാ കാരണങ്ങളാൽ മന്ത്രിയെ തിരിച്ചയച്ചതെന്ന് പറയുന്നു. എസ്.എൻ പുരം പൂവത്തുംകടവ് എൻ.എച്ച് 66 ബൈപാസ് പ്രവർത്തനം വിലയിരുത്താനായെത്തിയ മന്ത്രിയെ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്.മോഹനൻ, സീനത്ത് ബഷീർ, വിനീത മോഹൻദാസ് ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. സെക്രട്ടറി രാമദാസ് കെ.എസ്, ജനപ്രതിനിധികളായ സുമതി സുന്ദരൻ, പി.എ.നൗഷാദ്, കെ.എ.അയൂബ്, വിവിധ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.