കൊടുങ്ങല്ലൂർ : ഹൈവേ കർമ്മ സമിതി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വിളിച്ച് ചേർത്ത യോഗത്തിൽ നിന്ന് അവസാന നിമിഷം പിന്മാറിയ മന്ത്രി മുഹമ്മദ് റിയാസിന്റെ നടപടിയിൽ കോൺഗ്രസ് പ്രതിഷേധിച്ചു. എം.പിയും എം.എൽ.എയുമടക്കം നൂറ് കണക്കിന് വീട്ടമ്മമാരെത്തിയ യോഗത്തിൽ നിന്നാണ് നൂറ് മീറ്റർ അകലെയുള്ള വഴിയിലൂടെ മന്ത്രി കടന്നുപോയത്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിന് പടിഞ്ഞാറ് വശമുള്ള ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനായി പരിഹാരം കാണാനായുള്ള അവസാന പോരാട്ടത്തിനാണ് എം.പിയടക്കമുള്ള ജനപ്രതിനിധികൾ, എൻ.എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടർ സാന്നിദ്ധ്യത്തിൽ മന്ത്രിയുമായി ഒരു ചർച്ചയ്ക്ക് വേദിയൊരുക്കുകയായിരുന്നു. അവസാന നിമിഷം പിൻമാറിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.എസ്. സാബു, വൈസ് പ്രസിഡന്റ് കെ.പി.സുനിൽകുമാർ, കെ.എസ്.കമറുദ്ദീൻ, സനിൽ സത്യൻ എന്നിവർ പ്രസംഗിച്ചു.