ചാലക്കുടി; ചാലക്കുടിയിലെ കോൺഗ്രസിൽ ചേരിപ്പോരു കനക്കുന്നു. എം.എൽ.എയെ പങ്കെടുപ്പിക്കാതെ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ്. കോൺഗ്രസ് ഹൗസിൽ നടന്ന ചടങ്ങിൽ ജില്ലയിലെ ഏക കോൺഗ്രസ് എം.എൽ.എ സനീഷ്‌കുമാർ ജോസഫിനെ പങ്കെടുപ്പിച്ചില്ല. പകരം ഉദ്ഘാടകനായത് മുൻ എം.എൽ.എയും അന്നമനടക്കാരനുമായ ടി.യു. രാധാകൃഷ്ണനും. എ ഗ്രൂപ്പുകാരനായതാണ് എം.എൽ.എയെ ഒഴിവാക്കാൻ കാരണമെന്ന് പറയുന്നു. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ നഗരസഭാ ചെയർമാൻ എബി ജോർജ് നയിച്ച ഐ ഗ്രൂപ്പിനായിരുന്നു മേൽക്കോയ്മ. എം.എൽ.എയെ തഴഞ്ഞതോടെ എ ഗ്രൂപ്പുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇതിന്റെ ഭാഗമായാണ് പരിയാരം ബ്ലോക്ക് പ്രസിഡന്റ് എം.ടി. ഡേവിസ്, കോൺഗ്രസ് ജില്ലാ സെക്രട്ടറി ജെയിംസ് പോൾ തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗം ബഹ്ഷ്‌ക്കരിച്ചത്. ഐ ഗ്രൂപ്പ് നേതാക്കളായ ചാലക്കുടി ബ്ലോക്ക് പ്രസിഡന്റ് വി.ഒ. പൈലപ്പൻ, ഡി.സി.സി സെക്രട്ടറി പി.കെ.ജേക്കബ്, അഡ്വ. ബിജു ചിറയത്ത് എന്നിവരും യോഗത്തിൽ പങ്കെടുത്തില്ല. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ അടക്കമുള്ള പ്രമുഖ നേതാക്കളെ തഴഞ്ഞതിന്റെ പ്രതിഷേധമായിരുന്നു ഇതെന്ന് പറയുന്നു. ഇതോടെ കോൺഗ്രസിൽസ പ്രത്യേകിച്ച് യൂത്ത് വിഭാഗത്തിൽ നിലനിലക്കുന്ന പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമായി.