vote

തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ യു.ഡി.എഫിൽ ചർച്ചകൾക്ക് വഴിതുറക്കുമ്പോൾ, വി.എസ്. സുനിൽകുമാറിനായി സി.പി.ഐക്ക് മേൽ സി.പി.എം സമ്മർദ്ദം ചെലുത്തുന്നുവെന്ന വാർത്തയാണ് എൽ.ഡി.എഫ് കേന്ദ്രങ്ങളിൽ. തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് നിശ്ചയിക്കുന്ന ആര് മത്സരിച്ചാലും വിജയശിൽപ്പി താനായിരിക്കുമെന്ന് ടി.എൻ. പ്രതാപൻ എം.പി. പറഞ്ഞതോടെ പ്രതാപന്റെ മത്സരിക്കുമോയെന്നതിൽ അണികൾ തന്നെ സംശയം പ്രകടിപ്പിക്കുന്നു.

അദ്ദേഹത്തിനു വേണ്ടി നിരവധി സ്ഥലങ്ങളിൽ ചുവരെഴുത്ത് തുടങ്ങിയിരുന്നു. മണ്ഡലത്തിൽ പ്രതാപൻ സജീവവുമാണ്. വി.എം. സുധീരൻ തന്റെ രാഷ്ട്രീയഗുരുവാണെന്നും ഹൈക്കമാൻഡ് നിശ്ചയിക്കുന്ന സ്ഥാനാർത്ഥിയെ അംഗീകരിക്കുമെന്നും പ്രതാപൻ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, തൃശൂർ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് ഉറപ്പായിരിക്കെ, വി.എസ്. സുനിൽകുമാർ തന്നെ വേണമെന്നാണ് ആവശ്യം. തൃശൂരിൽ ഇടതുമുന്നണി പ്രത്യേക പ്രചാരണ തന്ത്രം തന്നെ ആവിഷ്‌കരിക്കുമെന്നും സി.പി.എം, സി.പി.ഐ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ വി.എസ്. സുനിൽകുമാറിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിൽ ഭിന്നാഭിപ്രായം ഉണ്ടായെങ്കിലും സുനിൽകുമാറിനെ മതിയെന്ന നിർദ്ദേശത്തിനാണ് മുൻതൂക്കം.

അതേസമയം, ഓട്ടോറിക്ഷകളിൽ സ്റ്റിക്കറുകൾ പതിച്ച് മാസങ്ങൾക്ക് മുൻപേ പ്രചാരണം തുടങ്ങുകയും രണ്ടുതവണ നരേന്ദ്രമോദി മണ്ഡലത്തിലെത്തുകയും ചെയ്തതിന്റെ ആത്മവിശ്വാസത്തിലാണ് സുരേഷ് ഗോപിയും ബി.ജെ.പി. നേതൃത്വവും. വരും ദിവസങ്ങളിൽ സുരേഷ് ഗോപി തൃശൂരിൽ സജീവമാകുമെന്നാണ് വിവരം. അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം മുൻപേ ഉറച്ചമട്ടിലുമാണ്.


ജില്ലയിൽ 25.9 ലക്ഷം വോട്ടർമാർ

തിരഞ്ഞെടുപ്പ് നടപടികൾക്ക് ജില്ലാ ഭരണകൂടവും വേഗം കൂട്ടി. ജില്ലയിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 25,90,721 വോട്ടർമാരാണുളളത്. 18നും 19നും ഇടയിൽ പ്രായമുള്ള 35,551 വോട്ടർമാരും പുതുതായി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവരുടെ വോട്ടുകളും നിർണ്ണായകമാകും. 80 വയസിന് മുകളിൽ പ്രായമുള്ള 65,205 വോട്ടർമാരുണ്ട്. എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും പോളിംഗ് സ്റ്റേഷനുകളിലും പട്ടിക പ്രസിദ്ധീകരിക്കും. സംസ്ഥാനതലത്തിൽ പട്ടിക പുതുക്കൽ കാലയളവിൽ ഏറ്റവും അധികം അപേക്ഷകൾ വന്നതും ജില്ലയിലാണ്. എ.ഡി.എം ടി. മുരളി അന്തിമ വോട്ടർ പട്ടിക പ്രകാശനം ചെയ്തു. സബ് കളക്ടർ മുഹമ്മദ് ഷെഫീക്ക് മുഖ്യ പ്രഭാഷണം നടത്തി.

സ്ത്രീവോട്ടർമാർ: 13,52,552

പുരുഷൻമാർ: 12,38,114

ഭിന്നലിംഗക്കാർ: 55

പ്രവാസി വോട്ടർമാർ: 3946

വോട്ട് വണ്ടികളെത്തി

സമ്മതിദായകർക്ക് ഇ.വി.എം/ വി.വി പാറ്റ് മെഷീൻ പരിചയപ്പെടുത്തുന്നതിനും പങ്കാളിത്തം ഉറപ്പാക്കുന്നതിനും രണ്ട് വോട്ട് വണ്ടി പര്യടനം തുടങ്ങി. തൃശൂർ, ഗുരുവായൂർ നിയമസഭാ മണ്ഡലങ്ങളിലും തുടർന്ന് മറ്റു മണ്ഡലങ്ങളിലുമായി പര്യടനം നടത്തും. ഒരു മാസത്തിലധികം പര്യടനമുണ്ടാകും. 1194 പോളിംഗ് സ്റ്റേഷൻ ലൊക്കേഷനുകളിലായി 2319 പോളിംഗ് സ്റ്റേഷനുകളിലും വോട്ട്‌വണ്ടി എത്തും. മെഷീൻ പരിചയപ്പെടുന്നതിന് പരിചയസമ്പന്നരായ ഉദ്യോഗസ്ഥനും പൊലീസും വണ്ടിക്കൊപ്പമുണ്ട്.