തൃശൂർ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള ഇന്റേണൽ കമ്മിറ്റി സർക്കാർ, സ്വകാര്യ, കോർപറേറ്റ് സ്ഥാപനങ്ങളിൽ അടക്കം രൂപീകരിക്കണമെന്ന് വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ. തൃശൂർ ജവഹർ ബാലഭവനിൽ സംഘടിപ്പിച്ച അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ.
തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ശക്തമായ ഇടപെടൽ ആവശ്യമാണ്. ഇന്റേണൽ കമ്മറ്റി രൂപീകരണം സംബന്ധിച്ച ബോധവത്കരണം ശക്തിപ്പെടുത്തുന്നുണ്ട്. ഔദ്യോഗിക ജീവിതത്തിലെ ഒറ്റപ്പെടലും മറ്റും തുറന്നു പറയാൻ ഇടമുണ്ടാകേണ്ടതിന്റെ ആവശ്യകത കൊല്ലത്തെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണത്തിലും പ്രതിഫലിക്കുന്നുണ്ട്. കുടുംബപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കൗൺസലിംഗിന് വലിയ സ്ഥാനമുണ്ടെന്നും അഡ്വ. ഇന്ദിര രവീന്ദ്രൻ പറഞ്ഞു
അതിർത്തിത്തർക്കം, വസ്തുതർക്കം തുടങ്ങിയ പരാതികളും അദാലത്തിൽ പരിഗണിച്ചു. 52 കേസുകൾ പരിഗണിച്ചതിൽ 16 എണ്ണം പരിഹരിച്ചു. 32 കേസുകൾ അടുത്ത അദാലത്തിൽ പരിഗണിക്കും. അഡ്വ. സജിത അനിൽ, ഇന്ദു മേനോൻ, കൗൺസിലറായ മാലാ രമണൻ, വനിത സെൽ സി.ഐ: ടി.ഐ. എൽസി തുടങ്ങിയവർ പങ്കെടുത്തു.
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് എല്ലാ സഹായവും കുടുംബാംഗങ്ങൾക്കും അന്വേഷണച്ചുമതലയുള്ളവർക്കും നൽകും. കുടുംബാംഗങ്ങളെ നേരിൽക്കണ്ട് വിവരങ്ങളറിഞ്ഞ് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
- അഡ്വ. ഇന്ദിര രവീന്ദ്രൻ