prana

തൃശൂർ: അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോൾ ഷൊർണൂർ കൂനത്തറ തോൽപ്പാവക്കൂത്ത് കലാകേന്ദ്രത്തിൽ ശ്രീരാമ പട്ടാഭിഷേകം. രാമചന്ദ്രപുലവരും സംഘവുമാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീരാമനെ കിരീടം അണിയിക്കുന്ന രംഗം തോൽപ്പാവക്കൂത്തിൽ അവതരിപ്പിച്ചത്.

ശ്രീരാമജനനം മുതൽ പട്ടാഭിഷേകം വരെയുള്ള ഒരു മണിക്കൂർ അവതരണത്തിന്റെ മൂന്ന് മിനിറ്റുള്ള അവസാനരംഗമാണ് ഇങ്ങനെ ക്രമീകരിച്ചത്. തോൽപ്പാവക്കൂത്തിനെ പറ്റി ഡോക്യുമെന്ററി തയ്യാറാക്കാനെത്തിയ മലപ്പുറം തിരൂർ മജ്‌ലിസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾക്കായിരുന്നു അവതരണം. ഇതിനായി എട്ടോളം പാവകൾ പ്രത്യേകം തയ്യാറാക്കി. രാമലക്ഷ്മണന്മാരും സീതയും ഹനുമാനുമൊക്കെയായി നൂറോളം പാവകൾ നേരത്തേ തയ്യാറാക്കിയിരുന്നു.

പുഷ്പരാജ് പുലവർ, രാജീവ് പുലവർ, ലക്ഷ്മണൻ, മനോജ്, പ്രശോഭ്, ആദിത്യൻ, വിജയ്, ശ്രീലാൽ, അരുൺ, രാജലക്ഷ്മി, അശ്വതി എന്നിവരാണ് അവതരിപ്പിച്ചത്. മോദിചരിതമെന്ന പേരിൽ മോദിയുടെ ജീവിതം നേരത്തേ കൂത്തായി അവതരിപ്പിച്ചിരുന്നു. സ്ത്രീസുരക്ഷയും ലഹരിവിരുദ്ധ സന്ദേശവും ഉൾക്കൊള്ളിച്ച് 20 മിനിറ്റോളമുള്ള കൂത്തവതരണങ്ങൾ രാമചന്ദ്രപുലവരുടെ മകൻ രാജീവ് പുലവരുടെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുണ്ട്. സ്ത്രീകളെ മാത്രം അണിനിരത്തിക്കൊണ്ട് പെൺപാവക്കൂത്ത് അരങ്ങിലെത്തിച്ചതും പുതുമയായി.

കോവിലിലും പട്ടാഭിഷേകം

പ്രാണപ്രതിഷ്ഠാദിനത്തിൽ രാത്രി ഒരു മണിക്കൂർ കൂനത്തറ മാരിയമ്മൻ കോവിലിൽ ഹരിശ്രീ കണ്ണൻ തോൽപാവക്കൂത്ത് കലാകേന്ദ്രവും ശ്രീരാമ പട്ടാഭിഷേകം തോൽപ്പാവക്കൂത്ത് അവതരിപ്പിച്ചു. ശ്രീരാമന്റെ ജനനം, മാൻവേട്ട, സീതാപഹരണം, ജടായു മോക്ഷം, ബാലിസുഗ്രീവ യുദ്ധം, രാമരാവണ യുദ്ധം, ശ്രീരാമ പട്ടാഭിഷേകം എന്നിവ ഉൾപ്പെടുത്തി എം. ലക്ഷ്മണ പുലവരുടെ ശിഷ്യരായ സജീഷ് പുലവർ, സജിത്ത്, രാമദാസ്, അക്ഷയ്, മണികണ്ഠൻ, അഭിഷേക് എന്നിവരാണ് അവതരിപ്പിച്ചത്.

മജ്‌ലിസ് കോളേജിലെ വിദ്യാർത്ഥികൾ അതീവ താത്പര്യത്തോടെയാണ് കൂത്തവതരണത്തിന് സഹായിച്ചത്. കൂത്തിൽ പുതുതലമുറ കാണിക്കുന്ന താത്പര്യത്തിൽ സന്തോഷമുണ്ട്.

- രാമചന്ദ്ര പുലവർ