1
ഐതിഹ്യം പറയുന്ന വിളംബര പത്രിക

വടക്കാഞ്ചേരി: മച്ചാട് തിരുവാണിക്കാവിന്റെ ഐതിഹ്യം വിവരിക്കുന്ന ചിത്രമടങ്ങിയ വിളംബര പത്രികയാണ് മച്ചാട് മാമാങ്കത്തിന്റെ ആകർഷണം. മാമാങ്കത്തിന്റെ ഈ വർഷത്തെ ഊഴക്കാരായ പനങ്ങാട്ടുകര കല്ലംപാറ ദേശക്കാരാണ് മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന വിളംബര പത്രിക പുറത്തിറക്കിയിട്ടുള്ളത്. കുടപ്പുറത്തുള്ള ഭഗവതിയും ഭഗവതിക്കു മുമ്പിൽ നമസ്‌ക്കരിക്കുന്ന കോങ്ങാട് കാരണവരുമെല്ലാം ചിത്രത്തിലുണ്ട്. ഏറെ മനോഹരമായിട്ടാണ് ദേശക്കാർ വിളംബര പത്രിക ഒരുക്കിയിട്ടുള്ളത്. അടുത്ത മാസം 20 നാണ് പ്രസിദ്ധമായ മച്ചാട് മാമാങ്കം. പ്രതിഷ്ഠാദിനം മുതൽ മാമാങ്കപ്പിറ്റേന്ന് വരെയുള്ള വിവരങ്ങൾ രേഖപ്പെടുത്തുന്നതാണ് വിളംബര പത്രിക . ഓരോ ദിവസവും കേരളത്തിൽ അറിയപ്പെടുന്ന കലാകാരന്മാരെ അണിനിരത്തിക്കൊണ്ടാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, നടൻ ജയറാം , നടി ആശാശരത്ത് , നടി രചന നാരായണൻകുട്ടി , ചലച്ചിത്ര പിന്നണി ഗായകൻ എം.ജി . ശ്രീകുമാർ , ഗായകൻ റഹ്മാൻ, മൃദുല വാര്യർ, വിഷ്ണു വർദ്ധനനൻ , രേഷ്മ രാഘവേന്ദ്ര , നാഷ്ണൽ അവാർഡ് വിന്നർ നഞ്ചിയമ്മ എന്നിവർ വിവിധ ദിവസങ്ങളിലായി നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.

ഐതിഹ്യം

തീർത്ഥാടനത്തിന് പോയ കോങ്ങാട് നായർ തറവാട്ടിലെ ഓലക്കുടപ്പുറത്ത് കയറി കൊടുങ്ങലൂരിൽ നിന്നും ഭഗവതി മച്ചാട് തട്ടകത്തിൽ എത്തി എന്നുമാണ് ഐതിഹ്യം. മച്ചാട് എത്തിയ കാരണവർ ഓലക്കുട ആൽമര ചുവട്ടിൽവച്ചു എന്നും അവിടെ പിന്നീട് ക്ഷേത്രം നിർമ്മിച്ചു എന്നുമാണ് ഐതിഹ്യം. ഇതിന്റെ ഓർമ്മ പുതുക്കൽ എന്നോണം കോങ്ങാട് നായർ തറവാട്ടിലെ കുടുംബം ഇപ്പോഴും പതിവു തെറ്റാതെ തിരുവാണിക്കാവിലെ ഭഗവതിയെ തൊഴാൻ എത്തുന്നുണ്ട് .