തൃശൂർ: നവീകരിച്ച തൃശൂർ ടൗൺ ഹാൾ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. മികച്ച സംവിധാനങ്ങൾ ഒരുക്കി നവീകരിച്ച ടൗൺ ഹാളിനെ കൂടുതൽ സൗകര്യപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിലെ പാലങ്ങളും ഒഴിഞ്ഞ ഇടങ്ങളും പൊതു ഇടങ്ങളാക്കി ഉപയോഗപ്രദമാക്കുമെന്നും മന്ത്രി പറഞ്ഞു. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. റവന്യൂ മന്ത്രി കെ. രാജൻ ഓൺലൈനായി സന്ദേശം നൽകി.
ടി.എൻ. പ്രതാപൻ എം.പി, കോർപറേഷൻ മേയർ എം.കെ. വർഗീസ് തുടങ്ങിയവർ മുഖ്യാതിഥികളായി. പൊതുമരാമത്ത് വകുപ്പ് മദ്ധ്യമേഖല കെട്ടിട വിഭാഗം സൂപ്രണ്ടിംഗ് എൻജിനിയർ വി.കെ. ശ്രീമാല റിപ്പോർട്ട് അവതരിപ്പിച്ചു. സബ് കളക്ടർ മുഹമ്മദ് ഷഫീഖ്, പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എൻജിനിയർ പി.വി. ബിജി, കൗൺസിലർ റെജി ജോയ്, സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ, സെക്രട്ടറി സി.പി. അബൂബക്കർ, പബ്ലിക് ലൈബ്രറി സെക്രട്ടറി ജോൺ സിറിയക് തുടങ്ങിയവർ പങ്കെടുത്തു.
ടൗൺഹാൾ
2.9 ഹെക്ടർ സ്ഥലത്ത്
രണ്ടു നിലകളിൽ കെട്ടിടം
2618 സ്‌ക്വയർ മീറ്റർ വിസ്തൃതി
നിർമ്മിച്ചത് 1938ൽ
നവീകരണം ഇങ്ങനെ
സാംസ്‌കാരിക തനിമ നഷ്ടപ്പെടാതെ പഴയ പ്രൗഢി നിലനിറുത്തി മൂന്നു കോടി രൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് നവീകരിച്ചത്. കാണികൾക്ക് സുഗമമായ കാഴ്ച ലഭിക്കുന്നതിനായി തറനിരപ്പ് ക്രമീകരിച്ച് വിട്രിഫൈഡ് ടൈലുകൾ പാകി, വരാന്തകൾ ഗ്രാനൈറ്റ് വിരിച്ച് മനോഹരമാക്കി.
സർക്കാർ മുൻകൈയ്യെടുത്ത് സഹകരണ, പൊതുമേഖല, സ്വകാര്യമേഖല എന്നിവയെ ചേർത്തുനിറുത്തി പൊതു ഇടങ്ങളിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തും.
- മന്ത്രി