 
പ്രാഥമിക പരിശോധന നടത്തി
തൃശൂർ: ഗവ. മെഡിക്കൽ കോളേജ് എച്ച്.ഡി.എസ് വിഭാഗത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഒടുവിൽ വിജിലൻസ് പ്രാഥമിക പരിശോധനകൾ തുടങ്ങി. തൃശൂർ വിജിലൻസ് ഡിവൈ.എസ്.പി: കെ.സി. സേതുവിന്റെ നിർദ്ദേശപ്രകാരം സി.ഐയും സിവിൽ പൊലീസ് ഓഫീസറും മെഡിക്കൽ കോളേജ് സൂപ്രണ്ടുമായി സംസാരിച്ച് ആവശ്യമായ രേഖകൾ ആവശ്യപ്പെട്ടതയാണ് വിവരം.
വിവാദകാലത്ത് സൂപ്രണ്ടിന്റെ ചുമതല വഹിച്ചവരിൽ നിന്നും മുൻ സൂപ്രണ്ടുമാരിൽ നിന്നും മൊഴിയെടുത്തേക്കും. സാമ്പത്തിക ക്രമക്കേട് വിവാദമായപ്പോൾ മന്ത്രി വീണ ജോർജാണ് മാസങ്ങൾക്ക് മുൻപ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ ആറു മാസത്തിന് ശേഷമാണ് പരിശോധന. അഞ്ച് വർഷത്തെ കണക്ക് മാത്രം പരിശോധിച്ചപ്പോഴാണ് ഒരു കോടി രൂപയുടെ ക്രമക്കേട്.
മെഡിക്കൽ എഡ്യുക്കേഷണൽ ഡയറക്ടറുടെ നിർദ്ദേശത്തെത്തുടർന്ന് നാലുഘട്ടങ്ങളിലായി നടത്തിയ പരിശോധനയിൽ 90 ലക്ഷം രൂപയുടെ ക്രമക്കേട് സ്ഥിരീകരിച്ചിരുന്നു. ചില വിഭാഗങ്ങളിലെ ഫയലുകൾ മാത്രം പരിശോധിച്ചപ്പോഴാണിത്. ആദ്യ ഘട്ടത്തിൽ അഞ്ച് ദിവസവും രണ്ടാം ഘട്ടത്തിൽ ആറ് ദിവസവുമായിരുന്നു പരിശോധന. പിന്നീട് രണ്ട് ഘട്ടങ്ങളിൽ കൂടി പരിശോധന നടന്നു.
അഞ്ച് വർഷത്തെ ഫയലുകൾ പരിശോധിക്കണമെന്നായിരുന്നു നിർദ്ദേശം. അതുപ്രകാരം ദൈനംദിന കണക്കുകൾ പരിശോധിച്ചതിൽ നിന്നാണ് ഒരു കോടിയോളം വരുന്ന തട്ടിപ്പ് കണ്ടത്. ടെൻഡർ, പർച്ചേസ് എന്നിവ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല. മുഴുവൻ ഫയലുകളും പരിശോധിച്ചാൽ ഇതിലേറെ തട്ടിപ്പ് പുറത്തുവന്നേക്കും. സൂപ്രണ്ടിന്റെ ചാർജുണ്ടായിരുന്ന നിഷ എം. ദാസിന്റെ മൊഴിയെടുത്തേക്കും. നിരവധി വിവാദ തീരുമാനങ്ങളെടുത്ത ഇവർ ഡെപ്യൂട്ടി സൂപ്രണ്ട് സ്ഥാനം അടുത്തിടെ രാജിവച്ചിരുന്നു.
ആര് കുടുങ്ങും ?
കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലും പിന്നീട് കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ ഉത്തരവ് പ്രകാരം നടത്തിയ അന്വേഷണത്തിലും ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു. എന്നാൽ സാമ്പത്തിക ക്രമക്കേട് നടത്തിയവർക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. അതിനാൽ വിജിലൻസ് അന്വേഷണത്തിൽ കുറ്റക്കാരെ കണ്ടെത്തലാകും പ്രധാന പണി. കളക്ടർ നടത്തിയ പരിശോധനയെത്തുടർന്ന് ഒരു വനിതാ ജീവനക്കാരിക്കെതിരെ നടപടി എടുത്തിരുന്നു. പുതിയ സൂപ്രണ്ടിന്റെ നിർദ്ദേശത്തെത്തുടർന്നാണ് മാറ്റം. കൂടാതെ മെഡിക്കൽ എഡ്യുക്കേഷണൽ ഡയറക്ടറുടെ ഉത്തരവ് പ്രകാരം ചുമതല വഹിച്ചിരുന്ന ജീവനക്കാരനെ തോളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും സ്ഥലംമാറ്റിയിരുന്നു.