തൃശൂർ: പൂത്തോളിൽ ആക്രി ഗോഡൗണിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. പട്ടാമ്പി സ്വദേശി സൈതാലിയുടെ ഉടമസ്ഥതയിലുള്ള ആക്രിക്കടയിലാണ് തീപിടുത്തമുണ്ടായത്. തൃശൂർ ഫയർ ഓഫീസർ സി.എസ്. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള അഗ്‌നി ശമനസേനാ വിഭാഗം മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിലാണ് തീയണച്ചത്. പഴയ ഇരുമ്പ്, പെട്ടി ഓട്ടോറിക്ഷയുടെ ഭാഗങ്ങൾ എന്നിവ കത്തി നശിച്ചു. മറ്റ് സ്ഥലങ്ങളിലേക്ക് തീപടരാതിരിക്കാൻ അഗ്‌നിശമന സേനയുടെ ഇടപെടൽ മൂലം സാധിച്ചു. ഫയർ റെസ്‌ക്യൂ ഓഫീസർമാരായ സി.എസ്. സന്ദീപ്, സി.എസ്. കൃഷ്ണ പ്രസാദ്, ഗുരുവായൂരപ്പൻ, കെ. രമേശ്, വി.എസ്. സുധൻ, എം. സഭാപതി, പി.കെ. പ്രതീഷ്, രഞ്ജിത് പപ്പച്ചൻ, ബിജോയ് ഈനാശു, ഹോം ഗാർഡ് ഷാജു എന്നിവർ അഗ്‌നിശമന പ്രവർത്തനത്തിൽ പങ്കാളികളായി.