മാള: ശാരീരിക അവശത മൂലം കഴിഞ്ഞ ദിവസം വിരമിച്ച വലിയപറമ്പിലെ മംഗലപ്പിള്ളി അല്ലി മാള പൊലീസിന് ഭക്ഷണം പാകം ചെയ്തു കൊടുത്തത് ഒന്നും രണ്ടും കൊല്ലമല്ല, 30 വർഷമാണ്. 70 വയസായതോടെ ശാരീരിക അവശതകളെത്തുടർന്ന് ജോലിയിൽ നിന്നും കഴിഞ്ഞ ദിവസം അല്ലി സ്വമേധയാ വിരമിച്ചു. 30 വർഷത്തോളമായി തൃശൂർ ജില്ലയിലെയും മറ്റു ജില്ലകളിൽ നിന്നും സ്‌പെഷ്യൽ ഡ്യൂട്ടിക്ക് വന്നവരുൾപ്പെടെ ആയിരക്കണക്കിന് പൊലീസ് ഉദ്യോഗസ്ഥർക്ക് അമ്മയെപ്പോലെ അന്നം വിളമ്പിയ അല്ലി ചേച്ചിയെ മാള പൊലീസ് പൊന്നാട അണിയിച്ച് സ്‌നേഹ സമ്മാനവും മൊമന്റോയും നൽകി അമ്മയെപ്പോലെ ആദരിച്ചു. തുടർന്ന് പൊലീസുദ്യോഗസ്ഥർ എല്ലാവരും ചേർന്ന് അല്ലി ചേച്ചിയെ പൊലീസ് ജീപ്പിൽ വീട്ടിലെത്തിക്കുകയും ചെയ്തു.