തൃശൂർ: കോർപറേഷൻ ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവഴിക്കാതെയും പതിനായിരം രൂപ വീതം പരസ്യവരുമാനമായി ലഭിക്കുന്നതുമായ 150 ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ ആറ് മാസത്തിനകം നഗരപരിധിയിൽ തുറക്കും. ലക്ഷങ്ങൾ മുടക്കി പണിതശേഷം വൃത്തിഹീനമാകുന്ന ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ ഇനി കോർപറേഷൻ പരിധിയിലുണ്ടാവില്ല. സ്വരാജ് റൗണ്ടിൽ മാത്രം ഏഴെണ്ണം പൂർത്തിയായി.
ഷെൽറ്ററുകൾ നിർമിക്കുന്നതും പരിപാലിക്കുന്നതുമെല്ലാം സ്വകാര്യ പരസ്യ കമ്പനിയാണ്. കമ്പനിയുമായി പത്തു കൊല്ലത്തെ കരാറാണ് കോർപറേഷൻ ഉറപ്പിച്ചത്. ബസ് ഷെൽറ്ററുകളുടെ മുകളിൽ സ്ഥാപിക്കുന്ന എൽ.ഇ.ഡി സ്‌ക്രീനിൽ കമ്പനിക്ക് പരസ്യം നൽകാം. ഇതിനായാണ് പ്രതിമാസം പതിനായിരം രൂപ കോർപറേഷന് നൽകുക. സ്വരാജ് റൗണ്ട് അടക്കമുള്ള സ്ഥലങ്ങളിൽ മഴവന്നാൽ പോലും കയറി നിൽക്കാൻ ഒരിടമില്ലാത്തതിൽ യാത്രക്കാർക്ക് ഏറെക്കാലമായി പ്രതിഷേധമുണ്ട്.
പല ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും വൃത്തിഹീനമാണ്. ഈ ഷെൽട്ടറുകൾ വൃത്തിയാക്കാൻ ജീവനക്കാരെ പരസ്യകമ്പനി നിയോഗിച്ചിട്ടുണ്ട്. അതേസമയം, പരസ്യവരുമാനം കിട്ടുന്നതിനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
പരസ്യബാനറുകളില്ലാത്ത നഗരം ലക്ഷ്യം
ബാനറുകളും പോസ്റ്ററുകളും കെട്ടുന്നത് അവസാനിപ്പിച്ച് ബസ് ഷെൽറ്ററുകളിലും ഡിജിറ്റലായി പ്രചാരണപരിപാടികളും സാംസ്‌കാരിക പരിപാടികൾ പ്രദർശിപ്പിക്കലുമാണ് ലക്ഷ്യം. ഡിജിറ്റൽ പ്രചാരണത്തിനൊപ്പം ശബ്ദവും നൽകാനുള്ള രീതികളും പരസ്യകമ്പനികളുടെ സഹായത്തോടെ ചെയ്യാനും തീരുമാനമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം പ്രമാണിച്ച് ബി.ജെ.പി തൃശൂർ നഗരത്തിലും സ്വരാജ് റൗണ്ടിലും സ്ഥാപിച്ച ബോർഡുകളും കൊടിതോരണങ്ങളും അഴിച്ചുമാറ്റിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കോർപറേഷൻ ജീവനക്കാർ അഴിച്ചുമാറ്റിയ കൊടികളും ബോർഡുകളും അവരെക്കൊണ്ടു തന്നെ തിരിച്ചുകെട്ടിച്ചതോടെയായിരുന്നു സംഘർഷം ഒഴിവായത്. മുൻപും പ്രചാരണബോർഡുകൾ അഴിച്ച് മാറ്റിയതിനെച്ചൊല്ലി രാഷ്ട്രീയവിവാദങ്ങളുണ്ടായിട്ടുണ്ട്.
പഴയ ബസ് സ്റ്റോപ്പുകൾ എടുത്തു കളഞ്ഞ് ഇത്തരം കേന്ദ്രങ്ങൾ കൊണ്ടുവരും. നഗരപരിസരങ്ങളിൽ എല്ലാ രാഷ്ട്രീയപാർട്ടികളുടെയും അടക്കം കൊടിതോരണങ്ങളും ബാനറുകളും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. ഗതാഗതം മുടക്കിയുളള ഇത്തരം പ്രചാരണരീതികളും പ്രകടനങ്ങളും നിരോധിക്കേണ്ട കാലം കഴിഞ്ഞു.- എം.കെ. വർഗീസ്, മേയർ