
തൃശൂർ: പൊലീസ് മർദ്ദനത്തെ തുടർന്ന് ദളിത് യുവാവ് ഏങ്ങണ്ടിയൂർ സ്വദേശി വിനായകൻ ആത്മഹത്യ ചെയ്ത കേസിൽ തുടരന്വേഷണത്തിന് തൃശൂർ എസ്.സി, എസ്.ടി ഫാസ്റ്റ്ട്രാക് കോടതി ഉത്തരവ്. പ്രേരണാക്കുറ്റം ചുമത്താത്തതിനെതിരെ പിതാവ് കൃഷ്ണൻ സമർപ്പിച്ച ഹർജിയിലാണ് നടപടി.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൃഷ്ണൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
പൊലീസുകാർ മർദ്ദിച്ചിരുന്നതായി തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ക്രൈംബ്രാഞ്ച് ആദ്യം കുറ്റപത്രം സമർപ്പിച്ചിരുന്നു. പാവറട്ടി സ്‌റ്റേഷനിലെ പൊലീസുകാരായ ടി.പി.ശ്രീജിത്ത്, കെ.സാജൻ എന്നിവർ വിനായകനെ മർദ്ദിച്ചെന്നാണ് പറഞ്ഞിരുന്നത്. അന്യായമായി തടങ്കലിൽ വയ്ക്കൽ, മർദ്ദനം, ഭീഷണിപ്പെടുത്തൽ, പട്ടികജാതിവർഗ അതിക്രമം തടയൽ നിയമം ലംഘിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പ്രേരണാക്കുറ്റം ചുമത്തിയിരുന്നില്ല. രണ്ടു പൊലീസുകാരെയും സസ്‌പെൻഡ് ചെയ്‌തിരുന്നു.
വിനായകനെ കസ്റ്റഡിയിലെടുത്ത സ്ഥലത്ത് മാല മോഷണം നടന്നിരുന്നു. മോഷണം കുറ്റം ആരോപിച്ചാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്.
സ്‌റ്റേഷനിലെത്തിയ തന്നോട് പൊലീസുകാർ മകനെ അടിക്കാൻ ആവശ്യപ്പെട്ടതായി കൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മകന്റെ മുടി മുറിക്കണമെന്നും ആവശ്യപ്പെട്ടു. ശരീരമാസകലം മർദ്ദനമേറ്റിരുന്നു. മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയിൽ അന്വേഷണത്തിനു മുമ്പ് അന്വേഷണം അട്ടിമറിച്ച അതേ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്തു.
2017 ജൂലായ് 17നാണ് വിനായകനെ പാവറട്ടിയിൽ സുഹൃത്തുമായി സംസാരിച്ച് നിൽക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്രൂര മർദ്ദനം ഏറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. വാർത്താസമ്മേളനത്തിൽ മണികണ്ഠൻ കാട്ടാമ്പിള്ളി, ഷൈജു വാടാനപ്പിള്ളി, കെ.സന്തോഷ് കുമാർ എന്നിവരും പങ്കെടുത്തു.