semi
വികസന സെമിനാർ സീതാരവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കുന്നംകുളം: പശ്ചാത്തല മേഖല, മാലിന്യ സംസ്‌കരണം, തൊഴിൽ മേഖല, കൃഷി, ആരോഗ്യം, കുടിവെള്ളം, മൃഗസംരക്ഷണം, പട്ടികജാതി ക്ഷേമം, വനിതാഘടക പദ്ധതി, അതിദരിദ്ര സംരക്ഷണ പദ്ധതി മുതലായവയ്ക്ക് ഊന്നൽ നൽകി കുന്നംകുളം നഗരസഭ വികസന സെമിനാർ.
മികച്ച നഗരാസൂത്രണം വിഭാവനം ചെയ്യുന്നതിനും ഇതോടൊപ്പം പ്രാമുഖ്യം നൽകും. സംസ്ഥാന ശ്രദ്ധയാകർഷിച്ച മാലിന്യ നിർമാർജ്ജന - സംസ്‌കരണ പദ്ധതിയുടെ തുടർ പ്രവർത്തനമെന്നോണം മൊബൈൽ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ (എഫ്.എസ്.ടി.പി) നടപ്പിലാക്കാനും നഗരസഭ പദ്ധതി തയ്യാറാക്കും. വലിയങ്ങാടി മാർക്കറ്റ് നവീകരണവും റിംഗ് റോഡ് വികസനവും നടപ്പിലാക്കും. അമൃത് 2.0 പദ്ധതി മികവുറ്റതാക്കും.
പൊതുവിഭാഗം (5.04 കോടി), പട്ടികജാതി ഉപപദ്ധതി (2.38കോടി) എന്നിവയാണ് വികസന ഫണ്ടിൽ നീക്കിവെക്കുന്നത്. 14ാം ധനകാര്യ കമ്മീഷൻ ഗ്രാന്റായി 4.58 കോടി രൂപയാണുള്ളത്. റോഡ്, റോഡിതര പ്രവൃത്തികൾക്കായി 8.02 കോടി (8,02,67,000) രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പി.എം.എ.വൈ ലൈഫ് ഭവന പദ്ധതി ജനറൽ, എസ്.സി വിഭാഗങ്ങളിൽ കൂടുതൽ വിപുലപ്പെടുത്തി നടപ്പിലാക്കാൻ ശ്രമിക്കും. ഷെൽട്ടർ ഹോം പദ്ധതി ആവിഷ്‌ക്കരിക്കും. വികസന സെമിനാർ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ അദ്ധ്യക്ഷയായി.സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എം.സുരേഷ് പദ്ധതി വിശദീകരിച്ചു. മറ്റ് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സജിനി പ്രേമൻ, ടി.സോമശേഖരൻ, പ്രിയ സജീഷ്, പി.കെ.ഷെബീർ, എ.എസ്.സുജീഷ്, ബീന രവി തുടങ്ങിയവർ സംസാരിച്ചു.