കുന്നംകുളം: മണ്ഡലത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട പ്രധാന കിഫ്ബി വർക്കുകളുടെ സ്ഥലമേറ്റെടുപ്പ് പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന് എ.സി. മൊയ്തീൻ എം.എൽ.എ. മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകനയോഗം ചേർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേച്ചേരി അക്കിക്കാവ് ബൈപാസ്, കുന്നംകുളം ജംങ്ഷൻ വികസനം, കുന്നംകുളം റിംഗ് റോഡ് വികസനം തുടങ്ങിയ പ്രവർത്തികൾ പൂർത്തീകരിക്കുന്നതിന് കിഫ്ബി സ്‌പെഷ്യൽ തഹസിൽദാരുടെ സംഘവും കെ.ആർ.എഫ്.ബിയും സംയുക്തമായി കൂടിയാലോചനകൾ നടത്തി മുന്നോട്ട് പോകണമെന്ന് അദ്ദേഹം പറഞ്ഞു. 30 ന് കേച്ചേരി അക്കിക്കാവ് ബൈപാസ് സംയുക്ത പരിശോധന നടത്തും.
തൃശൂർ- കുറ്റിപ്പുറം റോഡ് നിർമ്മാണ കരാർ കാലാവധി പൂർത്തിയായ സ്ഥിതിയ്ക്ക് നിലവിലെ കരാറുകാരനെ മാറ്റി ആവശ്യമെങ്കിൽ നഷ്ടോത്തരവാദിത്വത്തിൽ പുതിയ കരാറുകാരനെ കണ്ടെത്തി പൂർത്തീകരിക്കണമെന്ന് കെ.എസ്.ടി.പിയോട് ആവശ്യപ്പെട്ടു.
അത്താണി-പുതുരുത്തി റോഡ് ഫെബ്രുവരി 28 നകം പൂർത്തീകരിക്കാൻ നിർദ്ദേശം നൽകി. അക്കിക്കാവ് നിലമ്പൂർ റോഡ് റിസ്റ്റോറേഷൻ 29, 30 തീയതികളിൽ തീർക്കുമെന്ന് വാട്ടർ അതോറിറ്റി ഉറപ്പുനൽകി. നെല്ലുവായ്-ഇട്ടോണം റോഡിൽ ജലജീവൻമിഷനുമായി ബന്ധപ്പെട്ട പൈപ്പുകൾ സ്ഥാപിക്കുന്നതിന് വാട്ടർ അതോറിറ്റി, പിഡബ്ലിയുഡി റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചീയർ തലത്തിൽ യോഗം ചേരാൻ തീരുമാനിച്ചു. ബിൽഡിംഗ്‌സ് വിഭാഗത്തിൽ എരുമപ്പെട്ടി ആരോഗ്യ കേന്ദ്രം കെട്ടിടനിർമ്മാണം ലിഫ്റ്റ് ഉൾപ്പെടെയുള്ളവ മാർച്ച് 31 നകം പൂർത്തിയാക്കാനും തീരുമാനിച്ചു. നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ, ആൻസി വില്ല്യംസ്, ടി.ആർ. ഷോബി,ഇ.എസ്. രേഷ്മ,പി.ഐ. രാജേന്ദ്രൻഎന്നിവർ യോഗത്തിൽ സംബന്ധിച്ചു.