പുന്നയൂർ: പഞ്ചായത്തിലെ തീരപ്രദേശത്തെ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും കിടപ്പ് രോഗികൾക്കും ഓട്ടിസം ബാധിച്ചിട്ടുള്ളവർക്കും പ്രത്യേക തെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാക്കണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തീരദേശ മേഖല ക്യാമ്പിന്റെ ഭാഗമായി പുന്നയൂരിലെ തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ വീടുകൾ വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, വി.ആർ. മഹിളാമണി എന്നിവർക്കൊപ്പം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ.
പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ പ്രത്യേക തെറാപ്പിസ്റ്റിനെ നിയോഗിക്കണമെന്നും കിടപ്പു രോഗികൾക്ക് ഉൾപ്പെടെ ഇവർ വീടുകളിലെത്തി സേവനം ലഭ്യമാക്കണമെന്ന് സർക്കാരിലേക്ക് ശിപാർശ നൽകും. പുന്നയൂർ പഞ്ചായത്തിന്റെ പാലിയേറ്റീവ് സംവിധാനം എല്ലാവർക്കും ലഭ്യമാക്കണമെന്നും അവർ പറഞ്ഞു. പഞ്ചായത്തംഗം എം.കെ. അരാഫത്ത്, വനിതാ കമ്മിഷൻ റിസർച്ച് ഓഫീസർ എ.ആർ. അർച്ചന, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ടോണി ജോസഫ്, സാഗർ മിത്ര പ്രതിനിധികളായ വി.എ. റിഷാന, കെ. ശിശിര ജോസഫ് തുടങ്ങിയവരും ഗൃഹസന്ദർശനത്തിൽ പങ്കെടുത്തു.