കാട്ടൂർ : കാട്ടൂർ പഞ്ചായത്ത് വികസന സെമിനാറിൽ നിന്ന് പ്രതിപക്ഷമായ യു.ഡി.എഫ് അംഗങ്ങളും പ്രവർത്തകരും ഇറങ്ങിപ്പോക്ക് നടത്തുകയും വികസന രേഖ കത്തിക്കുകയും ചെയ്തു. യു.ഡി.എഫ് അംഗങ്ങളുടെ വാർഡുകളിൽ വികസന പ്രവർത്തനങ്ങൾക്ക് പണം അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് വാർഡ് അംഗങ്ങളും പ്രവർത്തകരും പ്രതിഷേധവുമായി വന്നത്. സി.പി.എം ഭരിക്കുന്ന പഞ്ചായത്തിൽ ഏകപക്ഷിയമായി വികസന പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് യു.ഡി.എഫ് ആരോപിച്ചു. വികസന സമിതിയിലെ തർക്കത്തിന് ശേഷം യോഗം ബഹിഷ്‌കരിച്ച യു.ഡി.എഫ് പ്രവർത്തകർ യോഗ ഹാളിന് മുന്നിൽ മുദ്രാവാക്യവുമായി പ്രതിഷേധിച്ചു. തുടർന്ന് പഞ്ചായത്ത് വികസന രേഖ കത്തിക്കുകയും ചെയ്തു. കോൺഗ്രസ് കാട്ടൂർ മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷെറിൻ തേർമഠം, പഞ്ചായത്ത് അംഗങ്ങളായ അബുജാ രാജൻ, മോളി പിയൂസ്, സ്വപ്‌ന എന്നിവർ നേതൃത്വം നൽകി. നിലവിലെ എം.എൽ.എയായ മന്ത്രി ഡോ. ആർ. ബിന്ദു കാട്ടൂർ പഞ്ചായത്തിന് വേണ്ടി ലക്ഷകണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുക അനുവദിക്കുമ്പോൾ നിലവിലെ എം.പിയായ ടി.എൻ. പ്രതാപൻ കാട്ടൂർ പഞ്ചായത്തിന് വേണ്ടി ഒരു രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്താൻ തയ്യാറായിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു.
യു.ഡി.എഫ് അംഗങ്ങളുടെ ഇറങ്ങിപ്പോക്ക് പ്രഹസനമാണ്. ഭരണസമിതി ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ വാർഡുകൾക്കും തുല്യപരിഗണന നൽകുന്നുണ്ട്. സർക്കാരിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി യു.ഡി.എഫ് അംഗത്തിന്റെ 12-ാം വാർഡിൽ ഒരു കോടി 30 ലക്ഷത്തോളം രൂപ അനുവദിച്ചത് ഇതിന് ഉദാഹരണമാണ്.
- ടി.വി. ലത
(പഞ്ചായത്ത് പ്രസിഡന്റ്)