police

ചാലക്കുടി: റിപ്പബ്ലിക് പരേഡിൽ ഇത്തവണയും ഡൽഹി പൊലീസ് കണ്ടിജെന്റിനെ നയിക്കാൻ ചാലക്കുടിക്കാരി ശ്വേത കെ. സുഗതൻ. കഴിഞ്ഞ വർഷവും ദൗത്യത്തിന് ഭാഗ്യം ലഭിച്ചതോടെ ചരിത്രമായിരുന്നു. രാജ്യത്തെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ 1975ലെ റിപ്പബ്ലിക് പരേഡിൽ ഡൽഹി പൊലീസിനെ നയിച്ചിരുന്നു. ഇതിനുശേഷം വനിത എന്ന നിലയിൽ കഴിഞ്ഞ വർഷമായിരുന്നു ശ്വേതയുടെ ഊഴം.

രാജ്യ തലസ്ഥാനത്ത് ഇക്കൊല്ലവും പൊലീസിന്റെ മുൻനിരയിൽ പ്രധാനമന്ത്രിക്ക് സല്യൂട്ട് നൽകുന്ന ഈ മിടുക്കി മറ്റൊരു ചരിത്രം കൂടി രചിക്കും. രണ്ടുവട്ടം തുടർച്ചയായി ഡൽഹി പൊലീസിനെ നയിച്ച വനിത എന്ന നിലയിലാകും ശ്വേത അറിയപ്പെടുക. പൊലീസ് സംഘത്തിനെ മുൻനിരയിൽ നിന്ന് മകൾ നയിക്കുന്നത് കാണാൻ പിതിവ് കെ.എസ്. സുഗതനും അമ്മ ബിന്ദു സുഗതനും ഇക്കുറി ഗാലറിയിലുണ്ടാകും. മുത്തച്ഛനും ചാലക്കുടി എസ്.എൻ.ജി ട്രസ്റ്റ് പ്രസിഡന്റുമായ കെ.കെ. ബാലൻ ചാലക്കുടിയിലെ വീട്ടിലിരുന്ന് ചാനലുകളിൽ രംഗം വീക്ഷിക്കും.

ചാലക്കുടി കാർമ്മൽ സ്‌കൂളിൽ നിന്നും എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും മുഴുവൻ മാർക്ക് നേടിയായിരുന്നു ശ്വേതയുടെ വിജയം. തിരുവനന്തപുരം ഗവ. എൻജിനീയറിംഗ് കോളേജിൽ നിന്നും ഇലക്ടോണിക്‌സ് ആൻഡ് എൻജിനിയറിംഗിൽ ബിടെക് ബിരുദത്തിന് ശേഷം സിവിൽ സർവീസിലേക്ക് തിരിഞ്ഞു. ചാലക്കുടി കോടതിയിൽ അഭിഭാഷകനായ പിതാവ് സുഗതൻ നേരത്തെ പോസ്റ്റ് മാസ്റ്ററായിരുന്നു. അമ്മ എൽ.ഐ.സി ഉദ്യോഗസ്ഥയാണ്.