തൃശൂർ: കാലം തെറ്റി പെയ്ത മഴയിൽ കാനകളിലെ മലിനജലവും സെപ്ടിക് ടാങ്ക് മാലിന്യവും നിറഞ്ഞ് മണിനാടൻ കോൾപ്പാടം ഗുരുതര പ്രതിസന്ധിയിലായതിനു പിന്നാലെ കൂമ്പുചീയലും പുഴുക്കേടും വ്യാപകം. കതിരിലെ നീരൂറ്റിക്കുടിക്കുന്ന തണ്ടുതുരപ്പൻ പ്രാണികളുടെ ശല്യവുമുണ്ട്. ഒന്നാം ഘട്ടത്തിൽ കീടനാശിനി പ്രയാേഗിച്ചിട്ടും ഫലം കണ്ടില്ല. തുടർന്ന് വീണ്ടും മറ്റൊരു കീടനാശിനി അടിക്കാനാണ് കർഷകർ ഒരുങ്ങുന്നത്. കൃഷി ഓഫീസറുടെ നിർദ്ദേശപ്രകാരമാണിത്.
രാസവസ്തുക്കളില്ലാത്ത കീടനാശിനികളാണ് കൃഷി ഓഫീസർ നിർദ്ദേശിച്ചിട്ടുള്ളത്. നെൽച്ചെടികൾ വെള്ളം കിട്ടാതെ കരിയുമെന്ന അവസ്ഥയിൽ വീണ്ടും വെള്ളം തുറന്നുവിടാൻ കർഷകർ നിർബന്ധിതരായിരുന്നു. ശാസ്ത്രീയമായ ഒരു സഹായവും ഈ പ്രതിസന്ധിയിൽ ലഭിച്ചില്ലെന്നും ഭാഗ്യപരീക്ഷണം പോലെയാണ് വെള്ളം വിട്ടതെന്നും കർഷകർ ആരോപിക്കുന്നു. അതേസമയം, വെള്ളം കുറച്ചുകൂടി തെളിഞ്ഞിട്ടുണ്ടെന്ന് കർഷകർ പറഞ്ഞു.
നാല് വർഷം മുൻപ് ഇതേസ്ഥിതിയുണ്ടായെങ്കിലും കളക്ടർ ഇടപെട്ട് നടപടികളെടുക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞദിവസം കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു.
രാസമാലിന്യങ്ങളില്ല
മലിനജലത്തിൽ രാസമാലിന്യമില്ലെന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനാഫലം ലഭിച്ചതാണ് ആശ്വാസം. സെപ്ടിക് ടാങ്ക് മാലിന്യമുള്ളതിനാൽ കോളിഫോം പോലുള്ള ബാക്ടീരിയകൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഒരാഴ്ചയ്ക്കു ശേഷമാണ് വെള്ളം പാടത്തേക്ക് കയറ്റിയത്. മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ സ്ഥലത്തെത്തി വെള്ളം ശേഖരിച്ചിരുന്നു. അപ്പോഴേക്കും നെൽച്ചെടികൾ ഉണങ്ങാൻ തുടങ്ങിയിരുന്നു. നഗരത്തിന് തൊട്ടടുത്തുളള കോൾപ്പാടമാണിത്. അതുകൊണ്ടു തന്നെ ശാശ്വതപരിഹാരമുണ്ടായില്ലെങ്കിൽ മലിനീകരണപ്രശ്‌നം രൂക്ഷമാകും. ശക്തൻ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യമാണ് കോൾപ്പാടത്തേക്ക് ഒഴുകിയെത്തുന്നത്.
പ്രതിസന്ധികളേറെ:
ഓടകളിൽ തള്ളുന്ന കക്കൂസ് മാലിന്യം എത്തുന്നത് പാടങ്ങളിലേക്ക്
നെൽച്ചെടി നശിച്ചിട്ടില്ലെങ്കിലും മലിനജലം വീണ്ടും പാടത്തിലെത്താം
രണ്ടാം വളം ഇടാൻ കഴിഞ്ഞില്ല, മൂന്നാം വളമിടുമ്പോഴും ആശങ്ക ബാക്കി
മലിനജലം ജലസ്രോതസ്സുകളിലേക്ക് വിടാതിരിക്കാൻ ശാസ്ത്രീയപദ്ധതികളില്ല
കുളവാഴ,ചണ്ടി എന്നിവയെ പ്രതിരോധിക്കുന്നതിനിടെ മലിനജലം ഗുരുതരമാക്കി
കറുത്തവെളളം കലർന്ന് രോഗബാധയുണ്ടായതും കാലം തെറ്റിയുളള മഴയുമെല്ലാം നെല്ലുത്പാദനം കുറയ്ക്കുമെന്നതിൽ സംശയമില്ല. ജനപ്രതിനിധികളുടെ ജാഗ്രത ഇനിയെങ്കിലും ഉണ്ടാകണം.- കെ.ജി. ഉണ്ണിക്കൃഷ്ണൻ, പ്രസിഡന്റ്, മണിനാടൻ കോൾപ്പടവ്