k

കേരളത്തിന്റെ പ്രധാന നെല്ലറകളാണ് കോൾനിലങ്ങൾ. നെല്ലുത്പാദനത്തിൽ ഗണ്യമായ പങ്കുവഹിക്കുന്ന കോൾനിലങ്ങൾ അടുത്തകാലത്ത് ഗുരുതരമായ പ്രതിസന്ധിയിലാണ്. കാലാവസ്ഥയിലെ തകിടം മറിച്ചിലുകൾ ഒരുവശത്ത്. മലിനീകരണം കൊണ്ടുള്ള പ്രതിസന്ധികൾ മറ്റൊരിടത്ത്. മഴക്കാലത്ത് വെള്ളക്കെട്ടും മഴയൊഴിഞ്ഞാൽ ജലക്ഷാമവുമെല്ലാം പ്രശ്നങ്ങൾ തന്നെ. കാലം തെറ്റി പെയ്ത മഴയിൽ തൃശൂർ നഗരത്തിലെ കാനകളിലെ മലിനജലവും സെപ്ടിക് ടാങ്ക് മാലിന്യവും നിറഞ്ഞ് മണിനാടൻ കോൾപ്പാടം ഗുരുതരമായ പ്രതിസന്ധിയിലായിരുന്നു. അതിനു പിന്നാലെ കൂമ്പുചീയലും പുഴുക്കേടും വ്യാപകമായി. കതിരിലെ നീരൂറ്റികുടിക്കുന്ന തണ്ടുതുരപ്പൻ പ്രാണികളുടെ ശല്യവുമുണ്ടായി. ഒന്നാംഘട്ടത്തിൽ കീടനാശിനി പ്രയാേഗിച്ചിട്ടും ഫലം കണ്ടില്ല. തുടർന്ന് വീണ്ടും മറ്റൊരു കീടനാശിനി അടിയ്ക്കാനാണ് കർഷകർ ഒരുങ്ങുന്നത്. കൃഷി ഓഫീസറുടെ നിർദ്ദേശപ്രകാരമാണിത്.

രാസവസ്തുക്കളില്ലാത്ത കീടനാശിനികളാണ് കൃഷി ഓഫീസർ നിർദ്ദേശിച്ചിട്ടുളളത്. നെൽച്ചെടികൾ വെള്ളം കിട്ടാതെ കരിയുമെന്ന അവസ്ഥയിൽ വീണ്ടും വെളളം തുറന്നുവിടാൻ കർഷകർ നിർബന്ധിതരായിരുന്നു. ശാസ്ത്രീയമായ ഒരു സഹായവും ഈ പ്രതിസന്ധിയിൽ ലഭിച്ചില്ലെന്നും ഭാഗ്യപരീക്ഷണം പോലെയാണ് വെള്ളം വിട്ടതെന്നും കർഷകർ ആരോപിക്കുന്നു. അതേസമയം, വെള്ളം കുറച്ചുകൂടി തെളിഞ്ഞിട്ടുണ്ടെന്ന് കർഷകർ പറയുന്നു. നാല് വർഷം മുൻപ് ഇതേസ്ഥിതിയുണ്ടായെങ്കിലും ജില്ലാ കളക്ടർ ഇടപെട്ട് നടപടികളെടുക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞദിവസം കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. പക്ഷേ, ഫലം കാണുന്നില്ലെന്നാണ് കർഷകർ പറയുന്നത്.

രാസമാലിന്യങ്ങളില്ലെന്നത്

ആശ്വാസം

മലിനജലത്തിൽ രാസമാലിന്യമില്ലെന്ന മലിനീകരണനിയന്ത്രണ ബോർഡിന്റെ പരിശോധനാഫലം ലഭിച്ചതാണ് കോൾ കർഷകർക്ക് ഏക ആശ്വാസം. സെപ്ടിക് ടാങ്ക് മാലിന്യങ്ങൾ ഉളളതിനാൽ കോളിഫോം പോലുള്ള ബാക്ടീരിയകളുണ്ടാകുമെന്നാണ് പറയുന്നത്. കൃഷി ഉണങ്ങാൻ തുടങ്ങി ഒരാഴ്ചയ്ക്കു ശേഷമാണ് വെള്ളം പാടത്തേക്ക് കയറ്റിയത്. മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ സ്ഥലത്തെത്തി വെള്ളം ശേഖരിച്ചിരുന്നു. തൃശൂർ നഗരത്തിന് തൊട്ടടുത്തുളള കോൾപ്പാടമാണിത്. അതുകൊണ്ടുതന്നെ ശാശ്വത പരിഹാരമുണ്ടായില്ലെങ്കിൽ മലിനീകരണപ്രശ്നം രൂക്ഷമാകും. ശക്തൻ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യമാണ് കോൾപ്പാടത്തേക്ക് ഒഴുകിയെത്തിയത്. ഓടകളിൽ തള്ളുന്ന കക്കൂസ് മാലിന്യവുമെത്തുന്നത് പാടങ്ങളിലേക്കാണ്. മലിനജലം വീണ്ടും പാടത്തിലെത്താമെന്ന ആശങ്ക കർഷകർക്കുണ്ട്. രണ്ടാം വളം ഇടാൻ കഴിഞ്ഞില്ല, മൂന്നാം വളമിടുമ്പോഴും അവരുടെ ഭീതി ഒഴിഞ്ഞിട്ടില്ല. മലിനജലം ജലസ്രോതസ്സുകളിലേക്ക് വിടാതിരിക്കാൻ ശാസ്ത്രീയപദ്ധതികളില്ലെന്നതാണ് പ്രധാനപ്രശ്നം. കുളവാഴ,ചണ്ടി എന്നിവയെ പ്രതിരോധിക്കുന്നതിനിടെ മലിനജലമെത്തിയത് സ്ഥിതി ഗുരുതരമാക്കി.

60 ദിവസം പ്രായമാണ് നെൽച്ചെടികൾക്കുള്ളത്. മലിനീകരണം സംഭവിച്ച കോൾപ്പാടത്തിന്റെ വിസ്തൃതി 85 ഏക്കർ മാത്രമാണെന്നതാണ് ആശ്വാസം. 130 ദിവസമെത്തിയാൽ ഇത് കൊയ്തെടുക്കാം. തൃശൂരിലെ മൊത്തം കോൾവിസ്തൃതി പതിനായിരത്തോളം ഏക്കർ വരുമെന്നാണ് നിഗമനം. കറുത്തവെളളം കലർന്ന് രോഗബാധയുണ്ടായതും കാലം തെറ്റിയുളള മഴയുമെല്ലാം നെല്ലുത്പാദനം കുറയ്ക്കുമെന്നതിൽ സംശയമില്ലെന്നാണ് മണിനാടൻ കോൾപ്പടവ് പ്രസിഡന്റ് കെ.ജി.ഉണ്ണികൃഷ്ണൻ പറയുന്നത്.

കൃഷിവകുപ്പും മറ്റുമായി ബന്ധപ്പെട്ട് ജലശുദ്ധീകരണത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. 95 കർഷകരുള്ള മണിനാടൻ കോളിൽ ജനുവരിയിൽ ജലക്ഷാമമുണ്ടാകുമ്പോൾ കനാൽവെള്ളമാണ് ആശ്രയം. മലിനജലം 85 ഏക്കർ കൃഷിക്ക് ഭീഷണിയാകുമെന്ന ആശങ്ക ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. മലിനീകരണ നിയന്ത്രണ ബോർഡ് വെള്ളം പരിശോധനയ്‌ക്കെടുത്തെങ്കിലും ഫലം വരും മുമ്പേ കൃഷിയിടം വിണ്ടതോടെയാണ് വെള്ളമടിച്ചത്. കോളിന് സമീപത്തെ ജലസ്രോതസുകൾ മലിനപ്പെടാനിടയുണ്ടെന്ന ഭീതി ഇപ്പോഴുമുണ്ട്.

മണിനാടൻ കോൾപ്പാടത്തേയ്ക്കുള്ള കനാലിലെ വെള്ളത്തിൽ തൃശൂരിലെ ആശുപത്രി, ഹോട്ടൽ, ശക്തൻ മാർക്കറ്റ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ മാലിന്യം മഴയിൽ ഒലിച്ചെത്തുകയായിരുന്നു. കളക്ടറും കോർപ്പറേഷൻ സെക്രട്ടറിയും മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരും ഉൾപ്പെടെ അന്ന് നടത്തിയ പരിശോധനയിൽ നഗരമാലിന്യമാണ് ഒഴുകിയെത്തിയതെന്ന് കണ്ടെത്തിയിരുന്നു.

കോൾനിലങ്ങളിൽ

അമ്ളത്വം

കുന്നംകുളത്തിന് അടുത്തുള്ള വെട്ടിക്കടവ് മേഖലയിലെ കോൾനിലങ്ങളിൽ മണ്ണിന്റെ പി.എച്ച്. മൂല്യത്തിൽ അമ്ലാംശം കൂടുന്നതായും കാത്സ്യത്തിന്റെ അളവ് കുറയുന്നതായും മണ്ണുപരിശോധനാ ഫലവും ഈയിടെ പുറത്തുവന്നിരുന്നു. അറുപതോളം കർഷകരുടെ മണ്ണ് എടുത്താണ് റീജണൽ സോയിൽ അനലിറ്റിക്കൽ ലബോറട്ടറിയിൽ പരിശോധിച്ചത്. നെൽകൃഷിക്ക് അനുയോജ്യമായ മണ്ണിന്റെ പി.എച്ച്. മൂല്യം 6.6-നും 7.3-നും ഇടയിലാണ് നിർവീര്യാവസ്ഥ. മണ്ണ് പരിശോധിച്ചപ്പോൾ 3.99 ആണ് പി.എച്ച് മൂല്യം.

അമ്ലാംശം കൂടിയ സ്ഥലങ്ങളിൽ കൃഷി ചെയ്യുമ്പോൾ നെല്ലിന്റെ വേരിൽ പാടകെട്ടുകയും ആവശ്യമായ മൂലകങ്ങൾ ചെടികൾക്ക് വലിച്ചെടുക്കാൻ കഴിയാതെ വരുകയും ചെയ്യും. ഇത് ചെടികളുടെ വളർച്ചക്കും ഉത്പാദനത്തിനും ദോഷകരമാണ്.

ഉയർന്ന സ്ഥലങ്ങളിൽനിന്നെല്ലാം മഴവെള്ളം ഒഴുകിയെത്തുന്നത് കോൾപ്പാടങ്ങളിലേക്കാണ്. അമ്ലാംശം വർദ്ധിക്കാൻ ഇത് കാരണമാകുന്നുണ്ട്. അമിതമായ രാസവള പ്രയോഗവും ദോഷമാകുന്നുണ്ട്. ദ്വിതീയ മൂലകമായ കാൽത്സ്യത്തിന്റെ അളവ് കുറയുന്നതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. 300 പി.പി.എം. വേണ്ടിടത്ത് അത്രയും ലഭിച്ചില്ല. മണ്ണുപരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ കർഷകർക്ക് പ്രായോഗിക കൃഷിരീതികളെ കുറിച്ച് പഠനക്ലാസ് നടത്തിയിരുന്നു. കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ക്ലാസെടുത്തത്.

ലാലൂർ, അരണാട്ടുകര, കാര്യാട്ടുകര, എൽത്തുരുത്ത് പാടശേഖരം ഉൾപ്പെടുന്നതാണ് മണിനാടൻ കോൾപ്പടവ്. രണ്ടര കിലോമീറ്ററോളം കനാൽ വഴിയാണ് വെള്ളമെത്തിക്കുന്നത്. ഒന്നര കിലോമീറ്ററോളം കുളവാഴ നിറഞ്ഞതിനാൽ മോട്ടോർ അടിക്കാനാകാത്ത സ്ഥിതി നേരത്തേയുണ്ടായിരുന്നു. തൃശൂർ ജില്ലയിലെ നൂറു കണക്കിന് ഏക്കർ കോൾപ്പാടത്ത് കുളവാഴയും ചണ്ടിയും കരവാലിയുമെല്ലാം കടുത്ത പാരിസ്ഥിതിക വെല്ലുവിളി ഉയർത്തുന്നുണ്ട്. നഗരത്തിൽ വെളളക്കെട്ട് സൃഷ്ടിക്കുന്നതിനും ഈ ജലസസ്യങ്ങൾ കാരണമാകുന്നുണ്ട്. അടിത്തട്ടിൽ ഇവയുടെ വേരുകൾ മതിലുകൾ പോലെ മണ്ണിൽ ചേർന്ന് ഒഴുക്കിനെ തടസപ്പെടുത്തുകയാണ്. കരുവാലി എന്ന സസ്യം അടുത്തകാലത്ത് വിദേശരാജ്യങ്ങളിൽ നിന്നെത്തിയതാണെന്നാണ് കരുതുന്നത്. പെട്ടെന്ന് കോൾപ്പാടങ്ങളിലെ കനാലുകളിൽ ഇത് വ്യാപിക്കുകയായിരുന്നു. അധിനിവേശസസ്യങ്ങൾ സൃഷ്ടിക്കുന്ന പാരസ്ഥിതിക പ്രശ്നങ്ങൾ ആഴത്തിൽ പഠിക്കാനും അതിന് പരിഹാരം കാണാനും ശാസ്ത്രലോകത്തിന് കഴിയുന്നില്ലെന്നതും ചർച്ചയാകേണ്ടതുണ്ട്.