vote

തൃശൂർ: ദേശീയ സമ്മതിദായക ദിനത്തിന്റെ ഭാഗമായി കളക്ടറേറ്റിൽ സംഘടിപ്പിച്ച പരിപാടികൾ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് കളക്ടർ വി.ആർ. കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. വോട്ടവകാശത്തിന്റെ പ്രാധാന്യം പങ്കുവയ്ക്കുന്ന ഫ്‌ളാഷ് മോബ് നൃത്താവിഷ്‌കാരവും അരങ്ങേറി. സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. കേരളവർമ്മ കോളേജിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്, നാഷണൽ സർവീസ് സ്‌കീം വിദ്യാർത്ഥികൾ ചേർന്നാണ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്. കളക്ടറേറ്റ് അങ്കണത്തിൽ നടന്ന പരിപാടിയിൽ അസിസ്റ്റന്റ് കളക്ടർ കാർത്തിക് പാണിഗ്രഹി, ഇലക്‌ഷൻ ഡെപ്യൂട്ടി കളക്ടർ എം.സി. ജ്യോതി, സ്വീപ് നോഡൽ ഓഫീസർ രോഹിത്ത് നന്ദകുമാര തുടങ്ങിയവർ പങ്കെടുത്തു.