1

തൃശൂർ: അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്‌ഫോക്ക്) ഫെബ്രുവരി ഒമ്പതിന് ആരംഭിക്കും. ഒരുമ, സമാധാനം, ദൃഢവിശ്വാസം എന്നീ ആശയം ആസ്പദമാക്കിയുള്ള നാടകോത്സവത്തിൽ, രാജ്യാന്തര വിഭാഗത്തിൽ ബ്രസീലിൽ നിന്നുള്ള അപാട്രിറ്റാസ് (സ്റ്റേറ്റ്‌ലെസ്) ഉദ്ഘാടന നാടകം ആയിരിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ദേശീയ വിഭാഗത്തിൽ ഡൽഹിയിലെ ട്രാം ആർട്‌സ് ട്രസ്റ്റിന്റെ മാട്ടി കഥ എന്ന നാടകവും മലയാള വിഭാഗത്തിൽ ലിറ്റിൽ എർത്ത് സ്‌കൂൾ ഒഫ് തിയറ്ററിന്റെ അവാർഡ് എന്ന നാടകവും ഉദ്ഘാടന നാടകങ്ങളായി അരങ്ങേറും. രാജ്യാന്തര വിഭാഗത്തിൽ 8 നാടകങ്ങളും ദേശീയ വിഭാഗത്തിൽ 4 മലയാളം നാടകങ്ങളും ഉൾപ്പെടെ 13 നാടകങ്ങൾ അരങ്ങേറും. എട്ട് ദിവസങ്ങളായി സംഘടിപ്പിക്കുന്ന മേളയിൽ ബ്രസീൽ, ടുണീഷ്യ, ബംഗ്ലാദേശ്, ഇറ്റലി, ഫിൻലാൻഡ്, ചിലി, പലസ്തീൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നാടകങ്ങളാണ് അരങ്ങേറുക. തോപ്പിൽ ഭാസി ബ്ലാക്ക് ബോക്‌സ്, കെ.ടി. മുഹമ്മദ് തിയേറ്റർ, ആക്ടർ മുരളി തിയേറ്റർ, ടൗൺഹാൾ, സ്‌കൂൾ ഒഫ് ഡ്രാമ ക്യാമ്പസ്, പാലസ് ഗ്രൗണ്ട്, കെ.ടി.എം ഫ്രണ്ട് യാർഡ് എന്നിവയാണ് വേദികൾ. രാജ്യാന്തര വിഭാഗത്തിൽ പലസ്തീൻ പോരാട്ടത്തിന്റെയും മനുഷ്യാവകാശ ധ്വംസനത്തിന്റെയും കഥപറയുന്ന ഹൗ ടു മെയ്ക്ക് റെവല്യൂഷൻ എന്ന നാടകമാണ് മുഖ്യ ആകർഷണം. ഫ്രഞ്ച് നാടകം ലെ ഫോ, ബംഗാളി നാടകം 4.48 മോൺട്രാഷ്, ഇറ്റാലിയൻ നാടകം അല്ലേ ആർമി, സ്റ്റുപ്പോറോസോ, സ്പാനിഷ് നാടകം ഫ്യൂഗോ റോജോ, ഫിൻലാൻഡ് നാടകം ജോണി ഗോട്ട് ഹിസ് ഗൺ എന്നിവയും രാജ്യാന്തര വിഭാഗത്തിൽ അരങ്ങേറുമെന്ന് സെക്രട്ടറി കരിവെള്ളൂർ മുരളി ഇറ്റ്‌ഫോക്ക് കോർഡിനേറ്റർ ജലീൽ.ടി.കുന്നത്ത്, കെ.ഷാനി എന്നിവർ അറിയിച്ചു.