1

തൃശൂർ: ജില്ലാ പഞ്ചായത്തിന്റെ 11ാമത്തെ പ്രസിഡന്റായി ആമ്പല്ലൂർ ഡിവിഷനിൽ നിന്നുള്ള വി.എസ്.പ്രിൻസ് തിരഞ്ഞെടുക്കപ്പെട്ടു. ഇടതുമുന്നണി ധാരണയനുസരിച്ച്, പ്രസിഡന്റായിരുന്ന സി.പി.എമ്മിലെ പി.കെ.ഡേവിസ് രാജിവെച്ചതോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. ആമ്പല്ലൂർ ഡിവിഷനിലെ അംഗമായ വി.എസ്.പ്രിൻസിനെയാണ് സി.പി.ഐ നിർദ്ദേശിച്ചത്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമായ വി.എസ്.പ്രിൻസ്, അളഗപ്പനഗർ സ്വദേശിയാണ്. ആകെ പോൾ ചെയ്ത 28ൽ 24 ഉം നേടിയാണ് വി.എസ് പ്രിൻസ് തിരഞ്ഞെടുക്കപ്പെട്ടത്. ഫലപ്രഖ്യാപനത്തിന് ശേഷം വരണാധികാരിയായ കളക്ടർ വി.ആർ.കൃഷ്ണതേജ സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആളൂർ ഡിവിഷനിൽ നിന്നുള്ള പി.കെ.ഡേവിസ്, വി.എസ് പ്രിൻസിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചു. ചൂണ്ടൽ ഡിവിഷനിലെ എ.വി.വല്ലഭൻ പിന്താങ്ങി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച അടാട്ട് ഡിവിഷനിൽ നിന്നുള്ള കോൺഗ്രസിലെ ജിമ്മി ചൂണ്ടലിന് നാല് വോട്ട് ലഭിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, മുൻ മന്ത്രി വി.എസ്.സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്.ഷിബു തുടങ്ങിയവർ പങ്കെടുത്തു.